നേമം : രണ്ടു വയസ്സുകാരനായ ഡേ കെയർ വിദ്യാർഥി സ്കൂൾ അധികൃതർ അറിയാതെ ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നുവന്ന സംഭവത്തിൽ രണ്ട് അധ്യാപകരെ പിരിച്ചുവിട്ടു. ചർച്ച് കമ്മിറ്റിയുടെ അടിയന്തര യോഗമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം സ്കൂളിൽ ചേർന്ന പിടിഎ യോഗത്തിൽ സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്ന് കുട്ടിയുടെ രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടിരുന്നു.
കാക്കാമൂല സ്വദേശികളുടെ മകനണ്് വഴിയറിയാതെ തപ്പിത്തടഞ്ഞ് സുരക്ഷിതമായി വീട്ടിലെത്തിയത്. വീട്ടുകാർ വിളിച്ചറിയിച്ചപ്പോഴാണ് സ്കൂൾ അധികൃതർ വിവരം അറിയുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 4 ജീവനക്കാരാണ് സ്കൂളിലുള്ളത്. 3 പേർ സമീപത്തെ ഒരു കല്യാണത്തിന് പോയിരുന്നതിനാൽ ഒരാൾ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. കുട്ടി ഒറ്റയ്ക്ക് നടന്നും ഓടിയും വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യം ബന്ധുക്കൾക്ക് ലഭിച്ചിരുന്നു.
