അഞ്ചുതെങ്ങ് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി. റോഷി അഗസ്റ്റിൻ നിർവഹിക്കുന്നത് വെറും ഇലക്ഷൻ തട്ടിപ്പാണെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം നടത്തി. അഞ്ചുതെങ്ങ് ഇന്ന് അനുഭവിക്കുന്ന ഏറ്റവും ദുരിത പൂർണമായ പ്രശ്നം കുടിവെള്ളം ക്ഷാമം തന്നെയാണ് .
യഥാർത്ഥത്തിൽ അഞ്ചുതെങ്ങിന്റെ കുടിവെള്ള പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന ഈ പദ്ധതി ഈ പ്രദേശത്തിൻറെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമല്ല എന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജൂഡ് ജോർജ് ആരോപിച്ചു.
ഈ പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ടോ, സി ആർ സെഡ് പോലുള്ള സംവിധാനങ്ങളുടെ അനുമതിയോ ലഭിച്ചതായി അറിയില്ല എന്നും അതിൻറെ എഗ്രിമെൻറ് ചെയ്തിട്ടില്ല എന്നും പാർലമെൻററി പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ കുറ്റപ്പെടുത്തി. എഗ്രിമെൻറ് വയ്ക്കാത്ത ഒരു പദ്ധതിക്ക് എങ്ങനെയാണ് നിർമ്മാണ ഉദ്ഘാടനം ചെയ്യാൻ സാധിക്കുക??
അഞ്ചുതെങ്ങിന്റെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണേണ്ടത് നാളുകളായുള്ള നമ്മുടെ ആവശ്യമാണ്.
കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ ഏകദേശം 5 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന രണ്ട് ടാങ്കുകൾ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് നിർമ്മിക്കപ്പെടുന്നു. ഈ ടാങ്കുകളിൽ ആറ്റിങ്ങലിലെ ജല അതോറിറ്റിയിൽ നിന്ന് വെള്ളം നിലവിലുള്ള പൈപ്പിലൂടെ ടാങ്കിൽ ശേഖരിക്കുകയും അഞ്ചുതെങ്ങിൽ വെള്ളത്തിന് ക്ഷാമം വരുന്ന സമയങ്ങളിൽ ഈ ടാങ്കിൽ നിന്ന് വെള്ളം നൽകാൻ സാധിക്കും എന്നാണ് വാദം. അഞ്ചുതെങ്ങിൽ ആഴ്ചയിലൊരിക്കലോ, 10 ദിവസം കൂടുമ്പോഴോ ആണ് സാധാരണഗതിയിൽ ഒരു നേരമെങ്കിലും വെള്ളം ലഭിക്കുന്നത്. ആ ദിവസങ്ങളിൽ അഞ്ചുലക്ഷം ലിറ്റർ വെള്ളം ടാങ്കിൽ ശേഖരിച്ചാൽ വെള്ളം ലഭിക്കാത്ത ദിവസങ്ങളിൽ വെള്ളം നൽകാനാകും എന്നാണ് പഞ്ചായത്തിൻറെ അനുമാനം. വാട്ടർ അതോറിറ്റിയുടെ കണക്ക് പ്രകാരം ഒരു ദിവസം ഒരാൾ ശരാശരി 100 ലിറ്റർ വെള്ളം ഉപയോഗിക്കും എന്നാണ് കണക്ക്. എന്നാൽ ഏകദേശം മുപ്പതിനായിരത്തോളം ജനസംഖ്യയുള്ള അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ അഞ്ചുലക്ഷം ലിറ്റർ വെള്ളത്തിൽ ഒരാളിന് ലഭിക്കാവുന്ന പരമാവധി അളവ് 15 ലിറ്റർ മാത്രമാണ്. അതും വെള്ളം ലഭ്യമല്ലാത്ത സമയങ്ങളിൽ. ഈ അഞ്ചുലക്ഷം ലിറ്റർ വെള്ളം തീർന്നു കഴിഞ്ഞാൽ വീണ്ടും ടാങ്കിൽ വെള്ളം നിറക്കണമെങ്കിൽ പൊതു പൈപ്പിലൂടെ വെള്ളം അഞ്ചുതെങ്ങിൽ ലഭിച്ചാൽ അല്ലേ സാധിക്കത്തുള്ളൂ. അങ്ങനെയെങ്കിൽ എപ്രകാരമാണ് അഞ്ചുതെങ്ങിലെ ജനങ്ങൾക്ക് ഈ പദ്ധതി പ്രകാരം എല്ലാ ദിവസവും വെള്ളം ലഭിക്കുന്നത് എന്ന് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം. ജെ.ആനന്ദ് ചോദിച്ചു.
ഈ ടാങ്കിൽ വെള്ളം ലഭിക്കുന്നതിനുള്ള സ്രോതസ്സ് മറ്റെന്തെങ്കിലും ഉണ്ടോ???
വെള്ളത്തിൻറെ സ്രോതസ്സ് വാമനപുരം നദി ആയിരിക്കെ വേനൽക്കാലത്ത് വാമനപുരം നദിവറ്റുന്ന സാഹചര്യത്തിൽ ഈ ടാങ്ക് വച്ചത് കൊണ്ട് എന്തു ഗുണമാണ് ഇവിടെ ജനങ്ങൾക്ക് ലഭിക്കുക എന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബി എസ് അനൂപ് ആരോപിച്ചു.
രണ്ടേമുക്കാൽ കോടി രൂപ ചെലവഴിച്ച് നിർമ്മിക്കപ്പെടുന്ന ഈ ടാങ്കു മറ്റൊരു വാക്കുംകുളം പദ്ധതിയായി മാറാൻ ഇടയുള്ള സാഹചര്യത്തിൽ ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ജനത്തിന് ഗുണകരമല്ല എന്ന് പദ്ധതി പുന പരിശോധിക്കണമെന്നും മത്സ്യത്തൊഴിലാളികോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഔസേപ്പ് ആന്റണി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം. ജെ.ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂഡ് ജോർജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബി എസ് അനൂപ് സന്നിഹിതനായ വിശദീകരണ യോഗത്തിൽ പാർലമെൻററി പാർട്ടി ലീഡർ യേശുദാസൻ സ്റ്റീഫൻ, ഷെറിൻ ജോൺ, ഔസേപ്പ് ആൻറണി, അഞ്ചുതെങ്ങ് സേവിയർ, നൗഷാദ്, ഷീമ ലെനിൻ, ഷാജി, അൻവർഷ, തമ്പി, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.



