തിരുവനന്തപുരം : ജില്ലയിൽ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ 2602 പേരുടെ അധിക അംഗബലം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ഡിജിപിക്കു ശുപാർശ നൽകി. സിറ്റിയിൽ 1225 പേരെയും റൂറലിൽ 1337 പേരെയും അധികമായി നിയോഗിക്കണമെന്നാണ് ആവശ്യം. പോലീസ് സ്റ്റേഷനുകളിൽ അധിക അംഗബലം ആവശ്യമുണ്ടെങ്കിൽ ശുപാർശ സമർപ്പിക്കണമെന്നു ഡിജിപി നിർദേശം നൽകിയിരുന്നു. സ്റ്റേഷനിലെ ദൈനംദിന ഡ്യൂട്ടികൾക്കും ക്രമസമാധാന, ഗതാഗത ക്രമീകരണങ്ങൾക്കും ആവശ്യമായതുമായ കുറഞ്ഞ അംഗബലം വിലയിരുത്തിയാണ് ശുപാർശ നൽകിയത്. ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം സിറ്റി, റൂറൽ എന്ന ക്രമത്തിൽ : എസ്ഐ–81; 60, എഎസ്ഐ–52; 98, എസ്സിപിഒ–200; 267, സിപിഒ–711; 557, ഡബ്ല്യുഎസ്സിപിഒ: 87;126, ഡബ്ല്യുസിപിഒ–62; 183, ഡ്രൈവർ– 32; 86.
ഗുണ്ടാ ആക്രമണങ്ങളും കവർച്ചകളും വർധിച്ചു ക്രമസമാധാനനില താളം തെറ്റുമ്പോഴും ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിച്ചിട്ടില്ല. സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി മുന്നൂറോളം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. പോലീസ് കൺട്രോൾ റൂമിൽ അടക്കം ആവശ്യത്തിന് പോലീസുകാരില്ല. ടൂറിസം മേഖലകളുടെ സുരക്ഷയ്ക്കായി അനുവദിച്ചതിൽ 26 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. സെക്രട്ടേറിയറ്റിനു തൊട്ടടുത്തുള്ള കന്റോൺമെന്റ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസുകാരുടെ തസ്തിക അടക്കം 15 ഒഴിവുണ്ട്. നഗരത്തിൽ 80ഓളം സീനിയർ വനിതാ, വനിതാ സിവിൽ പോലീസ് ഓഫിസർമാരുടെ കുറവുണ്ട്.
കണക്കെടുപ്പ് റിപ്പോർട്ട് കാണാതായതോടെ
പോലീസ് സ്റ്റേഷനുകളിൽ കൂടുതൽ പേരെ നിയോഗിക്കണമെന്ന് അഭ്യർഥിച്ചു 2017ൽ ഡിജിപി സമർപ്പിച്ച റിപ്പോർട്ട് സെക്രട്ടേറിയറ്റിൽ നിന്നു കാണാതായതിനെ തുടർന്നാണ് പുതിയ കണക്കെടുപ്പ്. സംസ്ഥാനത്ത് 18,229പേരുടെ അധിക അംഗബലം ആണ് ഡിജിപി ആവശ്യപ്പെട്ടത്. സ്റ്റേഷനുകളിൽ പൊലീസുകാരുടെ കുറവ് കേരള പൊലീസ് അസോസിയേഷൻ വീണ്ടും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പഴയ ശുപാർശ ആഭ്യന്തര വകുപ്പിൽ നിന്നും കാണാനില്ലെന്ന് ആഭ്യന്തര സെക്രട്ടറി ഡിജിപിയെ അറിയിച്ചത്. ഇതു പ്രകാരം എല്ലാ ജില്ലാ പോലീസ് മേധാവിമാരും ശുപാർശ സമർപ്പിച്ചെങ്കിലും ഫയൽ സർക്കാരിലേക്ക് പോയിട്ടില്ല.

