തിരുവനന്തപുരം : തൊഴിൽ തട്ടിപ്പ് ചതിയിൽ പെട്ട് റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിലെത്തി. ഇന്നലെ രാത്രിയാണ് പ്രിൻസ് കേരളത്തിലെത്തിയത്. എഴ് ലക്ഷം രൂപയാണ് ജോലിക്കായി ഇടനിലക്കാരനായ തുമ്പ സ്വദേശിക്ക് കൈമാറിയതെന്ന് പ്രിൻസ് പറഞ്ഞു. അലക്സ് എന്ന വ്യക്തിയായിരുന്നു റഷ്യയിൽ സ്വീകരിക്കാനെത്തിയതെന്നും, ആദ്യദിനം തന്നെ വെടിയേറ്റ് കാലിനും മുഖത്തും പരിക്കേറ്റിരുന്നുവെന്നും പ്രിൻസ് കൂട്ടിച്ചേർത്തു.

റഷ്യയിൽ എത്തി 22 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധമുഖത്തേക്ക് അയക്കുകയായിരുന്നുവെന്നും റഷ്യയിലെ യുദ്ധമുഖത്ത് 150ഓളം ഇന്ത്യക്കാരുണ്ടെന്നും പ്രിൻസ് വെളിപ്പെടുത്തി. ഭൂമിക്കടിയിലെ തുരങ്കം വഴിയാണ് രക്ഷപ്പെട്ടത്. അതിന് ശേഷം സൈനിക ആശുപത്രിയിൽ ചികിത്സ തേടിയതായും പ്രിൻസ് പ്രതികരിച്ചു. പ്രിൻസ് സെബാസ്റ്റ്യൻ റഷ്യയിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുൻപേ ഡൽഹിയിലെത്തിയിരുന്നു. സി ബി ഐ സംഘത്തിന് വിവരങ്ങൾ കൈമാറിയ ശേഷം ഡൽഹിയിൽ നിന്നും വിമാനമാർഗം കഴിഞ്ഞ ദിവസം രാത്രി 12:45 ഓടെയാണ് പ്രിൻസ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

