ആറ്റിങ്ങൽ : വാമനപുരം നദിയിലെ ജലപ്രതിസന്ധി രൂക്ഷം. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം ഏത് നിമിഷവും നിലയ്ക്കാം. വാമനപുരം നദി കേന്ദ്രീകരിച്ചാണ് തിരുവനന്തപുരം ജില്ലയിലെ ഒരുഡസനോളം കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. ചിറയിൻകീഴ്, വർക്കല താലൂക്കുകൾ പൂർണമായും തിരുവനന്തപുരം താലൂക്കിലെ കഴക്കൂട്ടം, നെടുമങ്ങാട് താലൂക്കിലെ വെഞ്ഞാറമൂട് എന്നീ മേഖലകളിൽ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് വാമനപുരം നദിയെയാണ്. കടുത്ത വേനലിൽ നദി വറ്റിവരണ്ടതോടെ ജലക്ഷാമം രൂക്ഷമാണ്. എട്ടുമണിക്കൂർ പ്രവർത്തിച്ചിരുന്ന പമ്പിങ് കിണറുകൾ ഭൂരിഭാഗവും ഒന്നുമുതൽ നാലു മണിക്കൂർ വരെ മാത്രമാക്കി പ്രവർത്തനം ചുരുക്കി. എന്നാൽ, ജനങ്ങളുടെ കുടിവെള്ള ഉപഭോഗം വേനൽ കടുത്തതോടെ വർധിച്ചു. വേനലിൽ ജല വിതരണം ദിവസങ്ങൾ ക്രമീകരിച്ച് നടത്തുന്ന രീതി മുൻ കാലങ്ങളിൽ ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കാലമായതിനാൽ പരമാവധി കുടിവെള്ളം ലഭ്യമാക്കാൻ ഉദ്യോഗസ്ഥരിൽ സമ്മർദമുണ്ടായി. ഇപ്പോൾ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുമ്പ് തന്നെ ജലവിതരണം പൂർണമായി നിലക്കുന്ന അവസ്ഥയിലാണ്. നദിയിലേക്ക് ഒഴുക്ക് വരുന്ന വിധത്തിലുള്ള മഴ ഇതുവരെ ലഭിച്ചിട്ടില്ല. വാമനപുരം നദിയുടെ വൃഷ്ടിപ്രദേശ മേഖലയായ മലയോര പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാൽ മാത്രമേ നദിയിൽ നീരൊഴുക്ക് ശക്തിപ്പെടുകയുള്ളൂ.
