ചിറയിൻകീഴ് : അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കടലോര മേഖലകളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രൂപപ്പെട്ട കള്ളക്കടൽ പ്രതിഭാസത്തിൽ രണ്ടുവീടുകൾ പൂർണമായി തകരുകയും തീരദേശപാതയിലെ പൂത്തുറയ്ക്കു സമീപം തിരമാലകൾ റോഡു ഭേദിച്ചു കടന്നതുമൂലം പാതയപ്പാടെ മണൽമൂടി മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെടുകയും ചെയ്തു. പൂത്തുറ അഞ്ചക്കടവിൽ അനിലഭവനിൽ സെലിൻ(85), പൂത്തുറ കടപ്പുറം ഭാഗത്തു ഷിബു ഫ്രാൻസിസ്(67) എന്നിവരുടെ വീടുകളാണു ശക്തമായ തിരയടിയിൽ തകർന്നത്.
അഞ്ചുതെങ്ങ് കോട്ടയ്ക്കു സമീപം തെക്കുവശം കേന്ദ്രീകരിച്ചു തെരുവോരത്തെ ഒട്ടേറെ വീടുകളിലും രാത്രിയിലുണ്ടായ തിരയാക്രമണത്തിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾക്കടക്കം കേടുപാടുകൾ സംഭവിച്ചു. ഇവിടെ കുടുംബങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു വീടുകൾക്കുള്ളിലേക്കു കടൽവെള്ളം ഇരച്ചെത്തിയത്.തീരദേശ റോഡിൽ പൂത്തുറയിൽ റോഡിലേക്കു ശക്തമായ ജലപ്രവാഹത്തിൽ മണൽതിട്ടകൾ രൂപപ്പെടുകയുമുണ്ടായി. രാത്രി രണ്ടുമണിയോടെയാണു തീരത്തു കടലാക്രമണം ശക്തിപ്പെട്ടത്.
പുലർച്ചെയോടെ സമീപവാസികൾ വിളിച്ചറിയിച്ചതിനെത്തുടർന്നു പൊലീസ് സ്ഥലത്തെത്തി പൂത്തുറ വഴിയുള്ള വാഹനഗതാഗതം വഴിതിരിച്ചുവിടുകയായിരുന്നു. ഉച്ചയോടെ പാതയിലെ മണൽ നീക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. തീരത്തോടു ചേർന്നുള്ള റോഡിന്റെ ഒരുഭാഗം ശക്തമായ തിരയടിയിൽ തകർന്നടിഞ്ഞ നിലയിലാണ്. വീടുകൾ നഷ്ടമായ ഇരു കുടുംബവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ മുതലപ്പൊഴി പതിനാറാം വാർഡിലെ സ്ഥിരതാമസക്കാരാണ്. നിലവിൽ കുടുംബങ്ങൾ സമീപ ബന്ധുവീടുകളിലാണു അഭയം പ്രാപിച്ചിട്ടുള്ളത്. കടൽഭിത്തിയില്ലാത്തതും നേരത്തെ കടലാക്രമണത്തിൽ കടൽഭിത്തി പൂർണമായി തകർന്നടിഞ്ഞതുമായ തീരപ്രദേശങ്ങളിലാണു കടലാക്രമണം കൂടുതലായി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്.
റവന്യൂ വിഭാഗം സ്ഥലത്തെത്തി തീരത്തു തുടരുന്ന മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്കു മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിൽ കടൽ ശാന്തമാണെങ്കിലും വേലിയേറ്റ സാഹചര്യം സംജാതമായാൽ തിരയടി കൂടുതൽ ശക്തിയാർജിച്ചേക്കുമെന്നാണു ബന്ധപ്പെട്ടവർ നൽകുന്ന സൂചന. കള്ളക്കടൽ പ്രതിഭാസം മുന്നിൽക്കണ്ടു തീരത്തു ഓറഞ്ച് അലർട്ട് ഇപ്പോഴും തുടരുകയാണ്. തീരത്തോടു ചേർന്നു താമസിക്കുന്നവർ രാത്രികാലങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പൂത്തുറ, അഞ്ചുതെങ്ങ് കോട്ട, പഞ്ചായത്ത് ഓഫിസ്, അഞ്ചുതെങ്ങ് ജംക്ഷൻ എന്നീ പ്രദേശങ്ങളിൽ തീരത്തോടു ചേർന്നുള്ള കുടുംബങ്ങൾക്കിടയിൽ ഇപ്പോഴും കടലാക്രമണ ഭീഷണിയും ഭീതിയും നിലനിൽക്കുകയാണ്.
