തിരുവനന്തപുരം : മഴയായതിനാൽ ഫാനിടാതെയാണ് ഗീത കിടന്നുറങ്ങിയത്. സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിട്ടുണ്ടാകും, പുറത്ത് ആരോ നടക്കുന്ന ശബ്ദം. വീടിനു പിന്നിലെ അടുക്കള ഭാഗത്തുനിന്നാണ് ശബദം കേൾക്കുന്നത്. ഭയപ്പെട്ട് ശബ്ദം അടക്കിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. നിലവിളി പുറത്തേക്കു വന്നതോടെ കേട്ടത് ബൈക്ക് സ്റ്റാർട്ടാകുന്ന ശബ്ദം. അയൽവാസിയായ മുരളിയുടെ വീടിന്റെ അടുക്കള ഭാഗത്തുനിന്ന് രണ്ടു ദിവസം മുൻപ് പുലർച്ചെ രണ്ടരയ്ക്ക് കേട്ടതും ഇതേ ശബ്ദം. നാലഞ്ച് ദിവസമായി പതിവായി ഈ ശബ്ദം കേട്ട് ഉറക്കമില്ലാതെ കഴിയുകയാണ് വീണയും ഭർത്താവും.
ഈ വീടുകൾക്ക് ചുറ്റും വിശാലമായ പറമ്പാണ്. ആരാണ് രാത്രികളിൽ വീടുകളുടെ അടുക്കള ഭാഗത്ത് അലഞ്ഞുതിരിയുന്ന അജ്ഞാതൻ? പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടും എത്തുംപിടിയുമില്ല. തലസ്ഥാന നഗരത്തിന്റെ അതിർത്തി പ്രദേശമായ കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന കുടപ്പനക്കുന്നിൽ ഉറക്കമില്ലാതെ കഴിയുകയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ.

