തിരുവനന്തപുരം: കൊലപാതകമടക്കം കൊടും കുറ്റകൃത്യങ്ങൾ പൊലീസിനെ നോക്കുകുത്തിയാക്കി പേടിയില്ലാതെ ചെയ്യാനും വീരപരിവേഷമായി കൊണ്ടാടാനും ഗുണ്ടകൾക്ക് വളമായത് പൊലീസിന്റെ നിഷ്ക്രിയത്വവും സ്റ്റേഷനിൽ മതിയായ പൊലീസുകാരില്ലാത്തതും. സംസ്ഥാനത്ത് ചെറുതും വലുതുമായ ഗുണ്ടാ ആക്രമണങ്ങൾ ദിനംതോറും സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അവ മാധ്യമശ്രദ്ധയിലേക്ക് എത്തുമ്പോൾ മാത്രമാണ് ഓരോ പേരുകളിൽ പുതിയൊരു ഓപറേഷനുമായി സംസ്ഥാന, ജില്ല പൊലീസ് മേധാവിമാർ രംഗത്തിറങ്ങുന്നത്. എന്നാൽ പേരിലെ തീ ഒന്നും അധികകാലമുണ്ടാകാറില്ല. പദ്ധതികള്‍ അകാലചരമം അടയുന്നതാണ് ചരിത്രം.
മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനായി നടപ്പാക്കിയ ‘ഡി ഹണ്ട്’ അതിനൊരുദാഹരണമാണ്. ആ പദ്ധതി ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കരമനയിലെയും വെള്ളറടയിലെയും ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വീണ്ടും പൊടിതട്ടിയെടുെത്തന്ന് മാത്രം.
കഴിഞ്ഞവർഷം ആവിഷ്കരിച്ച ഓപറേഷൻ ആഗിന്റെ ഭാഗമായി ഓരോ സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളുടെ പ്രൊഫൈൽ തയാറാക്കി ഇവരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്നവരെ പിടികൂടുമെന്നായിരുന്നു അന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ പറഞ്ഞത്. എന്നാൽ കുപ്രസിദ്ധ ഗുണ്ടകളിൽ ഒരാൾ പോലും പൊലീസിന്റെ വലയിലായില്ല. ഓപറേഷൻ കാവലും ഓപറേഷൻ ആഗും ഓപറേഷൻ സുപ്പാരിയുമൊക്കെ നിലനിൽക്കുമ്പോഴാണ് കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തൻപാലം രാജേഷും നഗരത്തെ വിറപ്പിച്ചത്. പിന്നീട് മാസങ്ങൾക്കുശേഷമാണ് ഇവർ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
ഓരോ പൊലീസ് സ്റ്റേഷനിലും പ്രധാന റൗഡികളുടെ പട്ടിക ഉണ്ടെങ്കിലും അവരുടെ നീക്കങ്ങൾ സ്പെഷൽ ബ്രാഞ്ചോ പൊലീസുകാരോ നിരീക്ഷിക്കുന്നില്ല. ക്രമസമാധാനതകര്‍ച്ചയുടെ വക്കില്‍ നിൽക്കുമ്പോള് മാത്രമാണ് പൊലീസ് എന്തെങ്കിലുമൊക്കെ ചെയ്യാനിറങ്ങുന്നത്. അതാണ് കഴിഞ്ഞദിവസങ്ങളിൽ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.

