കിളിമാനൂർ :കിളിമാനൂർ ഗവ. ടൗൺ യുപിഎസിനോടു ചേർന്നുള്ള പഴയ എംസി റോഡിൽ പൊലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ അടിയന്തരമായി നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജൂൺ 3നു സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂളും പരിസരങ്ങളും ശുചിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം പാലിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
സ്കൂളിനോട് ചേർന്നുള്ള റോഡിൽ പൊലീസ് 12 വർഷം മുൻപ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ വരെ ഉണ്ട്. ടിപ്പർ, ലോറി, ബസ്, കാറുകൾ, ഓട്ടോ, ഇരുചക്രവാഹനങ്ങൾ എന്നിവ അടക്കം റോഡിന്റെ ഇരു വശങ്ങളിലും പിടിച്ചിട്ടിരിക്കുകയാണ്. അപകടങ്ങളിൽ ആകുന്ന വാഹനങ്ങളാണ് പൊലീസ് പിടിച്ചിട്ടിരിക്കുന്നത്. വർഷങ്ങളായി മഴയും വെയിലും ഏറ്റ് വാഹനങ്ങൾ അധികവും നശിച്ചു. ചിലതിന് ടയറുകളും ഇരുമ്പ് ഭാഗങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. പൊലീസ് വളപ്പിൽ കിടന്നിരുന്ന വാഹനങ്ങളാണ് പഴയ എംസി റോഡിലേക്ക് മാറ്റിയത്.
