കോവളം : പനത്തുറ തീരത്ത് കടലാക്രമണ ഭീതി തുടരുന്നു.കടൽ ഭിത്തി ദുർബലമായത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് പ്രദേശത്ത് ശക്തമായ കടൽക്ഷോഭമുണ്ടായി.തീരത്തേക്ക് കടൽ വെള്ളമൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. കൊപ്രാപ്പുര, കൈതവിള എന്നിവിടങ്ങളിലാണ് കടലാക്രമണ ഭീതി ഏറെ. പനത്തുറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പനത്തുറ മുസ്ലിം പള്ളി എന്നിവക്കും കടലാക്രമണ ഭീഷണിയുണ്ട്. കടൽ ഭിത്തി പലയിടത്തും തകർന്നത് സ്ഥിതി രൂക്ഷമാക്കി.
എട്ടു വർഷത്തിലേറെയായി കടൽ ഭിത്തി അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രശ്ന കാരണമെന്നു നാട്ടുകാർ പറഞ്ഞു.കാലവർഷം വരാനിരിക്കെ ആശങ്ക കൂടുകയാണ്. കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തി കടലാക്രമണ ഭീഷണി ഒഴിവാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.
