തിരുവനന്തപുരം : തലസ്ഥാന ജില്ലയിലെ നാലുപേർ നിപ നീരിക്ഷണ പട്ടികയിൽ. ഒരു കുടുംബത്തിലെ മൂന്നുപേരും ഇവരുടെ ഡ്രൈവറുമാണ് പട്ടികയിലുള്ളത്. ഇവരിൽ രണ്ടുപേരുടെ സാമ്പ്ൾ നെഗറ്റിവാണ്. രോഗം സ്ഥിരീകരിച്ച് വിദ്യാർഥി ചികിത്സ തേടിയെത്തിയ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാർഥം ഇവർ എത്തിയിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.
ഡ്രൈവർക്ക് പുറമേ, പിതാവും മാതാവും മകളുമാണ് പട്ടികയിൽ. ഇതിൽ മാതാവും മകളുമാണ് ആശുപത്രിക്കുള്ളിൽ പ്രവേശിച്ചത്. പിതാവും ഡ്രൈവറും പുറത്ത് കാറിനുള്ളിലായിരുന്നു. സി.സി സി.ടി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്. മുൻകരുതലിന്റെ ഭാഗമായാണ് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചത്. നാലുപേരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് രണ്ടുപേരുടെ ഫലം വന്നത്. രണ്ടും നെഗറ്റിവാണ്. രണ്ടുപേരുടേത് ചൊവ്വാഴ്ച ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
