January 15, 2026

നെയ്യാറ്റിൻകര : അതിയന്നൂർ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന രാമപുരം – അരങ്കമുകൾ – ഊരൂട്ടുകാല റോഡിലൂടെ ദുരിത യാത്ര നടത്തി ജനം മടുത്തു. അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് നാട്ടുകാർ.12 വർഷം മുൻപ് ടാർ ചെയ്ത റോഡിൽ ഇപ്പോൾ മുഴുവൻ കുഴികളാണ്. ഓട നിർമിക്കാത്തതിനാൽ മഴവെള്ളം പലയിടത്തും കെട്ടിക്കിടന്നു. ഇപ്പോൾ അതു കല്ലുകൾ ഒലിച്ചു പോയി വലിയ കുഴികളായി. പലയിടത്തും ടാർ കണികാണാൻ പോലുമില്ല. റോഡ് നിർമാണം കഴിഞ്ഞയുടൻ തന്നെ റോഡ് പൊളിഞ്ഞു തുടങ്ങിയതായി നാട്ടുകാർ ആരോപിക്കുന്നു.ദിവസവും ഒട്ടേറെ സ്കൂൾ വാഹനങ്ങളും മറ്റും സഞ്ചരിക്കുന്ന റോഡാണിത്. കെഎസ്ആർടിസി നേരത്തെ ഇതുവഴി സർവീസ് നടത്തിയിരുന്നു. പക്ഷേ, കോവിഡിന് ശേഷം സർവീസ് പുനരാരംഭിച്ചില്ല. അയ്യനവർ പ്രാദേശിക സംഘം ഉൾപ്പെടെ ഒട്ടേറെ പേർ നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇതുവഴി സർവീസ് നടത്താൻ കെഎസ്ആർടിസി സമ്മതിച്ചു. പിന്നീട് റോഡിന്റെ അവസ്ഥ കണ്ട് പിന്മാറി. ഈ റോഡിൽ ദിവസവും ഒട്ടേറെ അപകടങ്ങളാണ് സംഭവിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നതിൽ ഏറെയും. ഓട്ടോറിക്ഷക്കാർ ഇതുവഴി സവാരി നടത്താൻ മടിക്കുന്നു. ഈ റോഡിന് സമീപം താമസിക്കുന്നവരുടെ വാഹനങ്ങൾ സ്ഥിരമായി കേടാകുന്നുവെന്ന് പരാതിയുണ്ട്. സർക്കാരിന് നികുതി ഒടുക്കിയ ശേഷം റോഡ് ഗതാഗതത്തിന് യോഗ്യമാക്കാത്തത് പിടിപ്പുകേട് എന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും വേഗം അത്യാവശ്യമുള്ള ഇടങ്ങളിൽ എങ്കിലും ഓട നിർമിക്കണമെന്നും തുടർന്ന് ടാർ ചെയ്യണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം പരിഗണിച്ചില്ലെങ്കിൽ തെരുവിൽ ഇറങ്ങി ശക്തമായി പ്രതിഷേധിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *