തിരുവനന്തപുരം : കഴക്കൂട്ടം നെഹ്റു ജംക്ഷനിൽ കാപ്പ കേസിലെ പ്രതിയെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ തുടർച്ചയായി വീണ്ടും ഗുണ്ടാ ആക്രമണത്തിന് സാധ്യതയെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. അഖിലിനെ കൊലപ്പെടുത്താനുള്ള നീക്കം പാളിയെങ്കിലും അഖിലിനു നേരെ വീണ്ടും ആക്രമണം ഉണ്ടാകാം. വധഭീഷണിയെത്തുടർന്നു അഖിൽ പലതവണ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടും എതിരാളി സംഘം വഴങ്ങിയില്ലെന്നാണ് വിവരം. ഇരുകൂട്ടരും തമ്മിൽ കടുത്ത പകയുള്ളതിനാൽ വീണ്ടും ആക്രമണത്തിനു സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ബോംബേറിൽ പരുക്കേറ്റ അഖിൽ ജയിലിൽ കഴിയുന്ന ഗുണ്ട ലിയോൺ ജോൺസന്റെ സംഘാംഗമാണെന്നാണ് റിപ്പോർട്ട്. തുമ്പ സ്വദേശികളും ഗുണ്ടകളുമായ സുനിലും ലിയോൺ ജോൺസനും തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ പരമ്പരകൾക്കു തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു . 2022 ൽ ലിയോണിന്റെ നിർദേശ പ്രകാരം സുനിലിനു നേരെ അഖിലിന്റെ നേതൃത്വത്തിലുള്ള 4 അംഗ സംഘം ആക്രമണം നടത്തി. സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ബോംബേറിൽ റോഡിൽ നിന്ന രാജൻ ക്ലീറ്റസ് എന്നയാളാണ് ഇരയായത്. അന്നു രാജന്റെ കാൽ പൂർണമായും തകർന്നു. കേസിൽ ലിയോണും അഖിലും ജയിലിലായെങ്കിലും ഇരു സംഘങ്ങൾ തമ്മിൽ വെല്ലുവിളികൾ തുടർന്നു. കേസിൽ ജാമ്യം ലഭിച്ച ലിയോണിനെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിനും പിന്നീട് ലഹരിക്കേസിലും അറസ്റ്റ് ചെയ്തു.
