തിരുവനന്തപുരം: കാൽപന്തുകളിയിൽ വനിതകളെ കൈപിടിച്ചുയർത്തിയ പരിശീലകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഷാജി സി. ഉമ്മൻ (72). പുരുഷ ടീമിനെപ്പോലെ കേരളത്തിലും സ്വന്തമായി വനിത ടീം വേണമെന്ന് ആദ്യമായി ആഗ്രഹിച്ച വ്യക്തി. തന്റെ ആഗ്രഹം യാഥാർഥ്യമാക്കാൻ അദ്ദേഹം ശ്രമിച്ചപ്പോൾ കളത്തിന് പുറത്തും അകത്തും അദ്ദേഹത്തെ കാത്തിരുന്നത് പരിഹാസങ്ങളും വിമർശനങ്ങളുമായിരുന്നു. ആണുങ്ങളെപ്പോലെ പെണ്ണുങ്ങൾക്ക് ഇതൊക്കെ പറ്റുമോയെന്നായിരുന്നു ചോദ്യം. ഒടുവിൽ പരിഹാസങ്ങളെയും വിമർശനങ്ങളെയും ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ചുകളഞ്ഞ് 1976ൽ ആൾസെയിന്റ്സ് കോളജ് ഗ്രൗണ്ടിൽ ഷാജിക്ക് കീഴിൽ കേരളത്തിൽ ആദ്യമായി ഒരുസംഘം പെൺകുട്ടികൾ പന്തുതട്ടി തുടങ്ങി. കേരളത്തിലെ ആദ്യത്തെ വനിത ഫുട്ബാൾ ടീം. ഒരുവർഷത്തിനുള്ളിൽ അയോണ, ട്രീസാ റൊസാരിയോ, മേരി, അച്ചമ്മ, ടെൽമ, ഷാലറ്റ്, ജോളി, കുഞ്ഞുമോൾ, ഏലിയാമ്മ, ലൂസി, ഷൈലജ, സുശീല, ഉഷ എന്നിവരെ വെച്ച് നല്ലൊരു വനിത ഫുട്ബാൾ ടീമിനെ അദ്ദേഹം കേരളത്തിന് സംഭാവന ചെയ്തു. 1976-77ലാണ് എൽ. ലളിതയെന്ന കായിക പ്രതിഭയെ ടീമിലേക്ക് കൊണ്ടുവന്ന് ഷാജി ടീമിന്റെ മൂർച്ച കൂട്ടിയത്. ദേശീയ മത്സരങ്ങളിൽപോലും കേരളത്തിലെ വനിത താരങ്ങൾ ഉശിര് കാട്ടിയതോടെ ഇവരിൽ പലർക്കും ദേശീയ ടീമിലേക്ക് വിളിയെത്താൻ അധികകാലം വേണ്ടിവന്നില്ല. ടീമിന്റെ നെടുംതൂണായ അയോണ രണ്ട് ഏഷ്യൻകപ്പുകളിലാണ് ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. 1979-80 ൽ കോഴിക്കോട് നടന്ന മൂന്നാം ഏഷ്യൻ കപ്പിലും 1983-84ൽ തായ് ലന്റിൽ നടന്ന അഞ്ചാം ഏഷ്യാകപ്പിലുമായിരുന്നു അയോണ രാജ്യത്തിനായി പന്തുതട്ടിയത്. അയോണയുടെ കളിമികവിന് കേരളം 1984ൽ മികച്ച വനിത കായികതാരത്തിനുള്ള പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരം സമ്മാനിച്ചു. ഇന്ത്യക്കായി ലോകകപ്പ് ഫുട്ബാൾ കളിച്ച ആദ്യമലയാളി വനിതയെന്ന ഖ്യാതി എൽ.ലളിതക്ക് നേടികൊടുത്തതിന് പിന്നിലും ഷാജി സി. ഉമ്മന്റെ അധ്വാനമുണ്ട്. 1981ൽ തായ്വാനിൽ നടന്ന രണ്ടാം ലോക വനിതാ ചാമ്പ്യൻഷിപ്പിലും മൂന്നാം ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പിലും 81ൽ ഹോംകോങ്ങിൽ നടന്നനാലാം ഏഷ്യൻ കപ്പിലും അതേ വർഷം തന്നെ തായ്ലന്റിൽ നടന്ന ഒരു പ്രദർശന മത്സരത്തിൽ അർജന്റീനക്കെതിരെ കളിച്ച ഇന്ത്യൻ ടീമിൽ ലളിത അംഗമായിരുന്നു.
