മെഡിക്കല്‍ കോളജ് : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയും ഒപ്പമുണ്ടായിരുന്നവരുമടക്കം ആറുപേർ ലിഫ്റ്റില്‍ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. മെയിന്‍ ബ്ലോക്കില്‍ പുതുതായി സ്ഥാപിച്ച ലിഫ്റ്റിലാണ് പക്ഷാഘാതം സംഭവിച്ച നെയ്യാറ്റിന്‍കര സ്വദേശി സെല്‍വരാജും (80) സഹായികളും ലിഫ്റ്റ് ഓപറേറ്ററും ഉള്‍പ്പെടെയുള്ളവർ കുടുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ചാക്കയില്‍നിന്ന് അഗ്നി രക്ഷാസേന എത്തി ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ലിഫ്റ്റ് സ്ഥാപിച്ച കമ്പനിയിലെ ജീവനക്കാരെത്തിയാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചര്‍ വാതിലില്‍ തട്ടിയതിനെ തുടര്‍ന്നാണ് ലിഫ്റ്റ് കേടായതെന്ന് അധികൃതർ പറഞ്ഞു. ലിഫ്റ്റിലെ നോബ് ഇളകി തൂങ്ങിയെന്നും ഇതിനെത്തുടര്‍ന്നാണ് തകരാറിലായതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ ലിഫ്റ്റില്‍ കുടുങ്ങുന്നത്.
