ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് മുതലപ്പൊഴി മൽസ്യബന്ധന തുറമുഖതീരം മരണപ്പൊഴിയായതിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടും അധികൃതർ തുടരുന്ന അവഗണനകളിലും പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ ആരംഭിച്ച അനിശ്ചിതകാല നിരാഹാര രാപകൽ സമരം രണ്ടാം ദിനത്തിലേക്ക്. ഡിസിസി ജനറൽ സെക്രട്ടറി എസ്.കൃഷ്ണകുമാർ, ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.എസ്.അനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മോനി ശാർക്കര, മുനീർ പെരുമാതുറ, വർഗീസ്, ബി.എസ്.അനൂപ് എന്നിവരാണു സമരത്തിൽ പങ്കെടുക്കുന്നത്. തുറമുഖ കേന്ദ്രത്തിനു സമീപം നടക്കുന്ന സമരത്തിനു പൂർണപിന്തുണ പ്രഖ്യാപിച്ചു മഹിള–ദലിത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തുറമുഖതീരത്തേക്കു പ്രകടനങ്ങളുമായി പ്രവർത്തകർ എത്തിയതോടെ തുറമുഖകേന്ദ്രം സമരമുഖമായി മാറി. ഇന്നു രാവിലെ 11നു തുറമുഖ കേന്ദ്രത്തിൽ സന്ദർശനത്തിനെത്തുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിളിച്ചുചേർത്തിട്ടുള്ള യോഗത്തിലേക്ക് അടൂർ പ്രകാശ് എംപിയടക്കമുള്ള ജനപ്രതിനിധികളെയും മത്സ്യത്തൊഴിലാളി പ്രതിനിധികളെയും വിളിക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ തുറമുഖ വകുപ്പ് അസിസ്റ്റന്റ് എൻജിനീയറെ മണിക്കൂറുകളോളം ഓഫിസിൽ തടഞ്ഞുവച്ചു. പൊലീസ് എത്തി സമരാനുകൂലികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നടന്ന ചർച്ചയിൽ പ്രതിനിധികളെ പങ്കെടുപ്പിക്കാമെന്ന ഉറപ്പിൻമേൽ ഉപരോധസമരം അവസാനിപ്പിച്ചു.ഡിസിസി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്, വി.കെ.രാജു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.അഭയൻ, ഭാരവാഹികളായ കെ.ഓമന, ജോയി,കടയ്ക്കാവൂർ സജികുമാർ, ഭാമജോയി,സുമ,ജോബിൻജോസ് എന്നിവർ ഓഫിസ് ഉപരോധ സമരത്തിനു നേതൃത്വം നൽകി. ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി, മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സമരപ്പന്തലിൽ നിരാഹാര സമരമനുഷ്ഠിക്കുന്നവരെ സന്ദർശിച്ചു. വൈകിട്ടു കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് മോനി ശാർക്കരയുടെ ആരോഗ്യനില വഷളായതിനെത്തുടർന്നു പൊലീസ് എത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
