കല്ലമ്പലം : നാവായിക്കുളം മടവൂർ നിലമേൽ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും എൻഎച്ച്,എംസി റോഡുകളെ ബന്ധിപ്പിക്കുന്നതുമായ നാവായിക്കുളം തുമ്പോട് കൈതോട് റോഡ് തകർന്ന് തരിപ്പണം ആയിട്ട് വർഷങ്ങൾ. ദിനം പ്രതി ആയിരത്തോളം യാത്രക്കാർ ആശ്രയിക്കുന്ന മേഖലയിലെ പ്രധാന പൊതുമരാമത്ത് റോഡിന്റെ ദുരവസ്ഥ പരിഹരിക്കണം എന്ന ആവശ്യം ശക്തം. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ധാരാളം സർവീസ് നടത്തുന്ന റോഡ് യാത്രാ യോഗ്യമല്ലെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. വർക്കല, ചടയമംഗലം, പൊൻമുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണിത്. വിനോദ സഞ്ചാരികളും വിദ്യാർഥികളും ധാരാളം ആശ്രയിക്കുന്ന റൂട്ട് എന്ന പ്രത്യേകതയും ഉണ്ട്. റോഡിന്റെ തുടക്കം മുതൽ അവസാനം വരെ അപകടകരമായ നിലയിൽ പൊളിഞ്ഞിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് പനപ്പാംകുന്ന് സ്വദേശി അപകടത്തിൽപെട്ട് മരിച്ചതും ഇതേ റോഡിലാണ്. ധാരാളം വാഹന അപകടങ്ങൾ നിരന്തരം ഉണ്ടാകുന്നുണ്ട് . മഴക്കാലം ആയതിനാൽ വശങ്ങളിൽ കാടും കയറി. സിഗ്നൽ ബോർഡുകൾ തുടങ്ങിയവ കാണാൻ കഴിയാത്ത സ്ഥിതിയാണ്. മെറ്റലുകൾ ഇളകി തെറിച്ച് കുണ്ടും കുഴിയും റോഡിൽ ഉടനീളം കാണാം. ഇരു ചക്ര വാഹന യാത്രക്കാർ രാത്രി അപകടത്തിൽപെടുന്നത് സ്ഥിരം സംഭവമായിട്ടും നടപടിയില്ല എന്നാണ് ആക്ഷേപം. യുദ്ധകാല അടിസ്ഥാനത്തിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാര യോഗ്യം ആക്കിയില്ല എങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.അനീഷ് കുമാർ അറിയിച്ചു.
