ചിറയിൻകീഴ് : അഞ്ചുതെങ്ങിൽ സ്വകാര്യ ആശുപത്രിയിൽ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ ആറ്റിങ്ങൽ–അഞ്ചുതെങ്ങ് പൊലീസ് അന്വേഷണം ശക്തമാക്കി. സിസിടിവി ദൃശ്യങ്ങളിലുള്ള ആളുടെ ഫോൺ ഓഫായതിനാൽ എവിടെയുണ്ടെന്നു കണ്ടെത്താനായിട്ടില്ല. ഒരു മണിക്കൂർ വ്യത്യാസത്തിൽ രണ്ടിടങ്ങളിൽ നടന്ന അക്രമത്തിനു സഹായികളായി പ്രവർത്തിച്ചവരെയും പൊലീസ് തിരയുന്നുണ്ട്. ശനി രാത്രിയാണ് ആക്രമണം നടന്നത്. ഡോ.മനോജ് കുമാറുമായി ബന്ധപ്പെട്ട് കോടതിയിൽ നടക്കുന്ന സിവിൽ കേസിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണു കാരണമെന്നും ഇതിനായി ക്വട്ടേഷൻ സംഘത്തിലുള്ള അക്രമിയെ നിയോഗിച്ചതാണു ഡോക്ടറുടെ വീടാക്രമണത്തിലും തുടർന്ന് ആശുപത്രി ആക്രമണത്തിലും കലാശിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാരമായി പരുക്കേറ്റ ഡോ.മനോജ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂർ വ്യത്യാസത്തിലാണു ഡോക്ടറുടെ ആറ്റിങ്ങലിലുള്ള വീട്ടിലും തുടർന്നു അഞ്ചുതെങ്ങിലെ ആശുപത്രിയിലും ആക്രമണം നടത്തിയത്. ആശുപത്രിയിൽ കടന്നുകയറിയ പ്രതി നഴ്സുമാരെയും രോഗികളെയും വിരട്ടിയോടിച്ച ശേഷമാണു ആക്രമിച്ചതെന്നു ഡോ.മനോജ്കുമാർ പറഞ്ഞു. കേസിൽനിന്നു പിന്മാറിയില്ലെങ്കിൽ കുടുംബത്തെ തീർത്തുകളയുമെന്നു ഭീഷണി മുഴക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി പതിവായതോടെ ഹൈക്കോടതിയിൽനിന്നു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അനുകൂല ഉത്തരവു വാങ്ങിയിരുന്നതായും മനോജ്കുമാർ അറിയിച്ചു. ഡോക്ടർക്കു നേരെയുണ്ടായ അക്രമങ്ങളിൽ അഞ്ചുതെങ്ങ് പിറവി കലാ സാംസ്കാരികകേന്ദ്രം യോഗം ചേർന്നു പ്രതിഷേധിച്ചു.
