തിരുവനന്തപുരം : ബവ്റിജസ് കോർപറേഷന്റെ മദ്യ ഷോപ്പിൽ നിന്ന് 6 തവണ മദ്യകുപ്പി ഒളിപ്പിച്ചു കടത്തിയ കേസിൽ പിടിയിലായ പതിനേഴുകാരനെ പൊലീസ് വിട്ടയച്ചു. ഇതിന് പിന്നാലെ തമിഴ്നാട് സ്വദേശിയോട് 1000 രൂപ ആവശ്യപ്പെട്ടതു നൽകാത്തതിന് ബീയർ കുപ്പി കൊണ്ട് അയാളുടെ തലയടിച്ചു പൊളിച്ച കേസിൽ പതിനേഴുകാരൻ വീണ്ടും പിടിയിലായി. മദ്യക്കുപ്പി മോഷ്ടിച്ച കേസിൽ ഇയാൾക്കൊപ്പം പിടിയിലായ കിഴക്കേക്കോട്ട സ്വദേശികളായ സക്കീർ, സനൽ എന്നിവരെ റിമാൻഡ് ചെയ്തു. പ്രായപൂർത്തി ആകാത്തതിനാലാണ് മലയിൻകീഴ് സ്വദേശിയെ വിട്ടയച്ചത്. ചൊവ്വാഴ്ചയായിരുന്നു 1150 രൂപ വിലയുള്ള മദ്യക്കുപ്പി ഇയാൾ അരയിൽ ഒളിപ്പിച്ച് കടത്തിയത്. സനലും സക്കീറും പുറത്ത് കാത്തുനിൽക്കുകയായിരുന്നു.
പൊലീസ് എത്തി സിസി ടിവി ദൃശ്യം പരിശോധിച്ച ശേഷം പതിനേഴുകാരനെ വിളിച്ചു വരുത്തി താക്കീത് നൽകിവിട്ടു. ഇതിനുശേഷമാണ് ഇന്നലെ പഴവങ്ങാടിയിൽ തമിഴ്നാട് സ്വദേശിയോട് മദ്യപിക്കാൻ 1000 രൂപ ആവശ്യപ്പെട്ട് ആക്രമണം നടത്തിയത്. പൊലീസ് നേരത്തെ വിട്ടയച്ച് പതിനേഴുകാരനും ഇതേപ്രായത്തിലുള്ള മറ്റു 2 പേരും കരിമഠം സ്വദേശി ദിൽഷാദും(19) ആണ് പിടിയിലായത്. പണം ആവശ്യപ്പെട്ടത് നൽകാത്ത ദേഷ്യത്തിൽ മധുര സ്വദേശി കറുപ്പുസാമിയുടെ തല തകർക്കുകയായിരുന്നു.
തകരപ്പറമ്പ് കേന്ദ്രീകരിച്ചു പ്രായപൂർത്തിയാകാത്തവരുൾപ്പെടുന്ന 10 അംഗ സംഘം പിടിച്ചുപറിയും ആക്രമണവും പതിവാക്കിയിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. പവർ ഹൗസിന് സമീപത്തെ മദ്യഷോപ്പിൽ 2 മാസത്തിനിടെ ആറാം തവണയാണ് മദ്യകുപ്പി മോഷണം പോകുന്നത്. പതിനേഴുകാരനാണ് 6 തവണയും കുപ്പി മോഷ്ടിച്ചതെന്നാണ് അധികൃതർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. 3 തവണ കേസ് റജിസ്റ്റർ ചെയ്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് വിട്ടയച്ചു. ആക്രമണക്കേസിൽ അറസ്റ്റിലായ ദിൽഷാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത 3 പേരെ ജുവനൈൽ കോടതിയിലും ഹാജരാക്കി. ഫോർട്ട് എസ്എച്ച്ഒ വി.ആർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
