തിരുവനന്തപുരം : നേമം റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്ന പേരിലേക്കു മാറുന്നതു വെറുമൊരു പേരുമാറ്റം മാത്രമല്ല. തിരുവനന്തപുരം സെൻട്രലിന്റെ ഉപഗ്രഹ സ്റ്റേഷനായി മാറുന്ന നേമത്തെ കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികളാണ്. ഒ. രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്ന കാലം മുതൽ തലസ്ഥാനവാസികൾ കണ്ടു തുടങ്ങിയ സ്വപ്നമാണ് ഒടുവിൽ യാഥാർഥ്യമാകുന്നത്. നേരെയൊരു റോഡു പോലുമില്ലാതെ കാടുപിടിച്ചു വെളിച്ചമില്ലാതെ കിടന്ന നേമം റെയിൽവേ സ്റ്റേഷന്റെ വികസനത്തിനു വേണ്ടി സമരം നടത്തി തളർന്ന ആക്‌ഷൻ കൗൺസിലുകാരുടെ മനസിലും നിലവിൽ ആശ്വാസത്തിന്റെ ചൂളംവിളിയാണ്.
78 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണു നിലവിൽ നേമത്ത് നടക്കുന്നത്. നിർമാണം പുരോഗമിക്കുന്ന മുറയ്ക്ക് അനുവദിച്ചിരിക്കുന്ന തുക ഇനിയും ലഭിക്കും. നിലവിലെ സ്റ്റേഷൻ മന്ദിരം അപ്പാടെ പൊളിച്ചാണു പുതിയത് പണിയുന്നത്. രണ്ടു പുതിയ പ്ലാറ്റ്ഫോമുകൾ കൂടി വരുന്നതോടെ ആകെ നാലു പ്ലാറ്റ്ഫോമുകളാകും. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാൻ അടിപ്പാതയുമുണ്ടാകും. സ്റ്റേഷനു എതിർവശത്തായി 650 മീറ്റർ നീളത്തിലാണു കോച്ചുകൾ കൊണ്ടിട്ടു പണിയുന്നതിനും ഷണ്ടിങ്ങിനുമുള്ള പിറ്റ്‌ലൈൻ നിർമിക്കുന്നത്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ഷണ്ടിങ് ജോലികൾ ഇവിടേക്കു മാറ്റുകയാണു ലക്ഷ്യം. ഭാവിയിൽ കൂടുതൽ ട്രെയിനുകൾ ഇവിടെനിന്നു പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യും.
റെയിൽവേ സ്റ്റേഷനു തൊട്ടടുത്തുകൂടി കരമന- കളിയിക്കാവിള ദേശീയപാതയിൽനിന്ന് കാട്ടാക്കടയിലേക്കു പോകുന്ന റോഡിലെ പാലം പൊളിച്ച്, മൂന്നിരട്ടി നീളത്തിൽ പുതിയ പാലം നിർമിക്കും. പാലത്തിന്റെ പൈലിങ് പൂർത്തിയായി. പാലത്തിനോടു ചേർന്നുള്ള കനാൽ പാലവും പൊളിക്കും. ദേശീയപാതയിൽ നേമം സ്‌കൂളിനു തൊട്ടടുത്തുകൂടി ടെർമിനലിലേക്കു പുതിയ ഫ്ലൈഓവർ നിർമിക്കും.
