തിരുവനന്തപുരം : ഗണപതിയാംകോവിൽ -അഴൂർ – പെരുമാതുറ റോഡിലൂടെയുള്ള ദുരിതയാത്രയിൽ വലഞ്ഞ് യാത്രക്കാർ. റോഡിൽ ടാർ ഇളകി കുഴികൾ രൂപപ്പെട്ടതും വഴിവിളക്കുകൾ മിഴിയടച്ചതുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. അഴൂർ കടവ് പാലത്തിൽ കോൺക്രീറ്റ് ഇളകി കുഴി രൂപപ്പെട്ടതും അപകട ഭീക്ഷണി ഉയർത്തുകയാണ്. ചിറയിൻകീഴ് താലൂക്കിൽ തീരദേശ മേഖലയേയും ദേശീയ പാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പിന് കീഴിലെ പാതയാണിത്. 3 കിലോമീറ്റർ റോഡിൽ ഒന്നര കിലോമീറ്റർ ഭാഗമാണ് തകർന്നത്.
ദേശീയ പാതയിലെ ഗതാഗതകുരുക്ക് ഒഴുവാക്കി തലസ്ഥാന നഗരിയിലേക്ക് എത്തുവാനുള്ള തിരക്ക് കുറഞ്ഞ പാതയാണിത്. കൂടാതെ മുതലപ്പൊഴി ഫിഷിംഗ് ഹാർബറിലേക്ക് എത്തുന്ന ലോറികൾ ഉൾപ്പെടെയുള വാഹനങ്ങൾ ഈ പാതയെയാണ് ആശ്രയിക്കുന്നത്. .നിത്യവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൻ്റെ പല ഭാഗത്തും മെൻ്റൽ ഇളക്കി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളം നിറഞ്ഞതോടെ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കുഴികൾ കയറി ഇറങ്ങുന്ന ഒട്ടുമിക്ക വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവായിരിക്കുന്നു.
പാതയിലെ അഴൂർ കടവ് പാലത്തിൽ കോൺക്രീറ്റ് ഇളകി കുഴികൾ രൂപപ്പെട്ടതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഇതിനു മുൻപും സമാനമായ രീതിയിൽ കുഴികൾ രൂപപ്പെട്ടിരുന്നു. രണ്ടാഴ്ചക്ക് മുൻപേയാണ് അവയ്ക്ക് പരിഹാരമുണ്ടായത് . എന്നാൽ വീണ്ടും പാലത്തിൽ കുഴികൾ രൂപപ്പെടുന്ന സാഹചര്യമാണ്. തെരുവ് വിളക്കുകൾ കൂടി കണ്ണടച്ചതോടെ രാത്രികാലങ്ങളിൽ കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. പെരുമാതുറ – ഗണപതിയാം കോവിൽ റോഡിൻ്റെ പുനരുദ്ധാരണത്തിനായി ഒന്നരകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിൻ്റെ വിശദീകരണം. നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു
