January 15, 2026

തിരുവനന്തപുരം,പാറശാല : നാളെ ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്കായി നഗരം ഒരുങ്ങി. പത്മനാഭപുരത്തുനിന്നു തിരിച്ച നവരാത്രി വിഗ്രഹങ്ങൾക്കു സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ ഭക്തിനിർഭരമായ വരവേൽപ് നൽകി. ഇന്ന് നഗരാതിർത്തിയായ നേമത്തും കിള്ളിപ്പാലത്തും ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും. വൈകിട്ട് കരമന ആവടി അമ്മൻ ക്ഷേത്രത്തിന് മുന്നിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയിൽ വിഗ്രഹങ്ങളെ ശ്രീപത്മനാഭസ്വാമി ക്ഷേത്ര വളപ്പിലേക്ക് ആനയിക്കും. പത്മതീർഥത്തിലെ ആറാട്ടിന് ശേഷം സരസ്വതി ദേവിയെ കോട്ടയ്ക്കകത്തെ നവരാത്രി മണ്ഡപത്തിലും വേളിമല കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും ശുചീന്ദ്രം മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.

ഇന്നലെ രാവിലെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹ ഘോഷയാത്ര തിരിച്ചത്. ക്ഷേത്ര വളപ്പിൽ കൂടിയ ഭക്തരുടെ വായ്ക്കുരവകളുടെ അകമ്പടിയിൽ സരസ്വതി ദേവിയെ ആനപ്പുറത്തും കുമാര സ്വാമിയെയും മുന്നൂറ്റിനങ്കയെയും പല്ലക്കുകളിലും എഴുന്നള്ളിച്ചു. കളിയിക്കാവിളയിൽ സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നാഗാലാൻഡ് ഗവർണർ എൽ.എ.ഗണേശൻ‌,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സി.കെ.ഹരീന്ദ്രൻ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, വി.എസ്.ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

സ്വീകരണശേഷം കേരള, തമിഴ്നാട് പെ‍ാലീസ് ഘോഷയാത്രയ്ക്കു ഗാർഡ് ഒ‍ാഫ് ഓ‍ണർ നൽകി. ഉച്ചയ്ക്ക് പാറശാല മഹാദേവ ക്ഷേത്രത്തിലെ വിശ്രമത്തിനു ശേഷം വൈകിട്ട് മൂന്നരയോടെ നെയ്യാറ്റിൻകരയിലേക്കു യാത്ര തിരിച്ചു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു ഇന്നലെ രാത്രി വിശ്രമം. ഇന്നു രാവിലെ നെയ്യാറ്റിൻകരയിൽനിന്നു പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. നഗര അതിർത്തിയായ നേമത്ത് കോർപറേഷന്റെ നേതൃത്വത്തിലാണ് ഔദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുള്ളത്.

വൈകിട്ടോടെ കരമന ആവടി അമ്മൻ ക്ഷേത്രത്തിലെത്തുന്ന ഘോഷയാത്ര അവിടെ അൽപ സമയം വിശ്രമിക്കും. ശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും. വിജയദശമി ദിവസമായ 13ന് കുമാരസ്വാമിയെ പൂജപ്പുര സരസ്വതി ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഇവിടെ പള്ളിവേട്ടയ്ക്ക് ശേഷം ആര്യശാല ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്. 14ന് നല്ലിരുപ്പ്. തലസ്ഥാനത്തുനിന്ന് വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നെള്ളത്ത് 15ന് ആരംഭിക്കും. 17ന് വിഗ്രഹങ്ങൾ പത്മനാഭപുരത്ത് മടങ്ങിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *