തിരുവനന്തപുരം: സംഗീത്ജ്ഞൻ ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. കഴിഞ്ഞദിവസത്തെ അർജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും സിബിഐയും സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു.
പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുനും ഉള്‍പ്പെട്ടിരുന്നു. സ്വർണ്ണം കവർന്ന കേസിൽ 13 പേർ ഇതുവരെ പൊലീസ് പിടിയിലായിട്ടുണ്ട്. 21നാണ് പെരിന്തൽമണ്ണയിൽ കവർച്ച നടന്നത്. 2018 സെപ്റ്റംബർ 25 നുണ്ടായ ബാലഭാസ്ക്കറിൻ്റെ അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അർജുൻ ആയിരുന്നെന്ന് കണ്ടത്തിയിരുന്നു. അർജ്ജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം അന്നുതന്നെ ശക്തമായിരുന്നു. പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചക്കു പുറമേ മറ്റുചില കവർച്ച, അടിപിടി കേസുകളിലും അർജുന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കവർച്ചാ കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികളുമായുള്ള മുൻ പരിചയം പിന്നീട് സ്വർണ്ണ കവർച്ചയിലെ ഗൂഡാലോചനയിലേക്ക് എത്തുകയായിരുന്നു. എന്നാൽ പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും ആ രീതിയിൽ അന്വേഷണമില്ലെന്നുമാണ് പോലീസ് പറയുന്നത്.
