പെരുമാതുറ – 2024 വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് ലിസ്റ്റ് തികച്ചും അപ്രായോഗ്യവും അനീതിയുമാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു. പെരുമാതുറ കേന്ദ്രികരിച്ച് ഒരു ഗ്രാമ പഞ്ചായത്ത് എന്ന പതിറ്റാണ്ടുകളുടെ ജനകീയ ആവശ്യം അട്ടിമറിച്ച ഇടതു പാർട്ടികൾ വീണ്ടും പെരുമാതുറയോട് ശത്രുതാ മനോഭവം കാണിക്കുന്നതായി മുസ്‌ലിം ലീഗ് ആരോപിച്ചു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ തീരദേശ പ്രദേശമായ പെരുമാതുറ മുതൽ താഴംപള്ളി വരെയുള്ള വാർഡ് 10 11 12 14 എന്നിങ്ങനെ നാലു വാർഡുകളായാണ് നിലകൊള്ളുന്നത്.എന്നാൽ പുതിയ കരടിന്റെ ഫലമായി നാലു വാർഡുകൾ രണ്ടു വാർഡുകൾ ആയി ചുരുങ്ങിയിരിക്കുന്നു.
ഒറ്റപ്പന പെരുമാതുറ പൊഴിക്കര മുതലപൊഴി എന്ന പേരുകളിലുള്ള ഈ വാർഡുകൾ പെരുമാതുറ,പൊഴിക്കര എന്ന രണ്ട് വാർഡുകളായി ചുരുങ്ങും.നിലവിലെ ഒറ്റപ്പന, മുതലപൊഴി വാർഡുകൾ ഇല്ലാതാവും.
മൂന്ന് ഗ്രാമ പഞ്ചായത്തുകൾ ചേർന്ന പെരുമാതുറയിൽ ഒരു വാർഡിന് 5 കിലോമീറ്റർ ദൈർഘ്യം ഉണ്ടാവുന്നു. ജനസംഖ്യ അടിസ്ഥാനത്തിൽ പെരുമാതുറ മേഖലയിൽ മാത്രം 4 വാർഡുകൾക്ക് വരെ സാധ്യത നിലനിൽക്കെയാണ് വാർഡിനെ വെട്ടിചുരുക്കാനുള്ള നീക്കം നടക്കുന്നത്. പെരുമാതുറയുടെ വികസന പ്രതീക്ഷകളെ തകർക്കുന്ന ഈ അനീതി അധികാരികൾ തിരുത്തണം, അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് ലീഗ് നേതൃത്വം നൽകുമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് മണ്ഡലം പ്രസിഡൻ്റ് ചാന്നാങ്കര എം.പി കുഞ്ഞ്, ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, പെരുമാതുറ മേഖല പ്രസിഡൻ്റ് ഷാഫി പെരുമാതുറ , ജനറൽ സെക്രട്ടറി ഫസിൽ ഹഖ് എന്നിവർ സംയുക്തമായി പ്രസ്താവിച്ചു
