കഴക്കൂട്ടം: ദേശീയപാത 66-ലെ കഴക്കൂട്ടം-കടമ്പാട്ടുകോണം റീച്ചിൽ നിർമാണപ്രവർത്തനങ്ങൾ നിലച്ചമട്ടിൽ. പല സ്ഥലങ്ങളിലും നാല്പതുശതമാനം പ്രവൃത്തികൾപോലും പൂർത്തിയായിട്ടില്ല. ചില ഭാഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ഒരു ജോലിയും നിലവിൽ നടക്കാത്ത അവസ്ഥയാണ്. പ്രവൃത്തികൾ മുടങ്ങുന്നതിന്റെ കാരണങ്ങൾ കൃത്യമായി പറയാൻ ബന്ധപ്പെട്ട വകുപ്പുകളും തയ്യാറാകുന്നില്ല. ദേശീയപാത നിർമാണത്തിനായി ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പലതും ഒതുക്കിയിട്ടിരിക്കുകയാണ്. മിക്കയിടത്തും തൊഴിലാളികളുമില്ല. മംഗലാപുരം, കണിയാപുരം ഭാഗങ്ങളിൽ പാലങ്ങൾക്കുവേണ്ടി നിർമിച്ച കോൺക്രീറ്റ് തൂണുകൾ കാടുമൂടിക്കിടക്കുകയാണ്.
