കടയ്ക്കാവൂരിൽ മദ്യ ലഹരിയിൽ ഉണ്ടായ വാക്ക്തർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി കീഴാറ്റിങ്ങൽ, വിളയിൽമൂല എസ്.എസ് ഭവനിൽ ഷിബു (45) നെയാണ് തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ വക്കം നിലയ്ക്കാമുക്കിൽ വച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ കടയ്ക്കാവൂർ ചാവാടിമുക്ക് തിരുവാതിരയിൽ വരുൺ (40)നെ കടയ്ക്കാവൂർ പോലീസ് പിടികൂടി. ജോലിയിൽ നിന്ന് പുറത്താക്കിയ വൈരാഗ്യമാണ് ഷിബുവിനെ കുത്തിയതിന്റെ കാരണമായി പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജല വകുപ്പിന്റെ പണികൾ കരാറെടുത്ത് ചെയ്യുന്ന കരാറുകാരന്റെ സൂപ്പർവൈസറായിരുന്നു മരണപ്പെട്ട ഷിബു. ഇതേ കരാറുകാരന്റെ ഡ്രൈവറായിട്ടാണ് പ്രതിയായ വരുൺ ജോലി നോക്കിയിരുന്നത്. ജോലി സ്ഥലത്തുണ്ടായ പ്രശ്നങ്ങളെ തുടർന്ന് കരാറുകാരൻ രണ്ടാഴ്ച മുമ്പ് വരുണിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. തിങ്കളാഴ്ച വരുണും ഷിബുവും സുഹൃത്തുക്കളും കൂടി നിലയ്ക്കാമുക്ക് ഭാഗത്ത് വച്ച് മദ്യപിക്കുകയും തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയതിന് കാരണം ഷിബുവാണെന്ന് ആരോപിച്ച് വരുൺ ഷിബുവുമായി വാക്ക് തർക്കമുണ്ടാകുകയും ചെയ്യുന്നു. തുടർന്ന് ഷിബു സുഹൃത്തിനോടൊപ്പം തന്റെ വാഹനത്തിൽ വീട്ടിൽ പോകുന്നതിനായി ഇറങ്ങുകയും നിലയ്ക്കാമുക്ക് ചന്തയ്ക്ക് പുറകുവശത്തുള്ള കടയിൽ വാഹനം നിർത്തി സാധനം വാങ്ങുന്നതിനായി ഷിബു കടയിലേക്ക് പോയ നേരം പുറകിലൂടെ വന്ന വരുൺ അരയിൽ സൂക്ഷിച്ചിരുന്ന കത്രികയുപയോഗിച്ച് ഷിബുവിന്റെ തലയിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടർന്ന് ഷിബുവിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാത്രിയോടെ വരുൺ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം വൈകുന്നേരത്തോടെ ഷിബുവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു സംസ്കരിച്ചു
