
കടയ്ക്കാവൂർ : കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിൽ തെരുവുനായശല്യം രൂക്ഷം. ഇടറോഡുകളിലും പ്രധാനപാതകളിലുമെല്ലാം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നു.
നിലയ്ക്കാമുക്ക്, വക്കം ഭാഗങ്ങളിൽ രാത്രിയാകുന്നതോടെ വീടുകളിലെ ബാക്കി വന്ന ഭക്ഷണം നായ്ക്കൾക്ക് നൽകുവാൻ ആളുകൾ റോഡിന്റെ വശങ്ങളിൽ കൊണ്ടിടുന്നതും പതിവാണ്.
രാത്രി 9 മണി കഴിഞ്ഞാൽ നിലയ്ക്കാമുക്ക് വക്കം റോഡിലൂടെയുള്ള യാത്ര ഏറെ അപകടമാണ്. നായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് പുറകെ ഓടിയും കുറുകെ ചാടിയും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.വക്കത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവുനായ്ക്കൾ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വെളിവിളാകം, പാട്ടത്തിൻമുക്ക് മേഖലകളിൽ തെരുവുനായ്ക്കളുടെ ശല്യം വലിയതോതിൽ വർധിച്ചു.
ഇവിടെ തെരുവുകളിൽ അലയുന്ന നായ്ക്കളിൽ ഭൂരിഭാഗവും സമീപത്തെ വീടുകളിൽ വളർത്തിയവയാണ്. രാത്രിസമയത്ത് പാട്ടത്തിൻമുക്ക് ജങ്ഷനിലോ പ്രദേശത്തോ കൂടി നടന്നുപോയാൽ തെരുവുനായ്ക്കളുടെ കടിയേൽക്കുമെന്നതാണ് സ്ഥിതി.
നിലയ്ക്കാമുക്ക് ജങ്ഷൻ മുതൽ വക്കം വരെയുള്ള മിക്ക സ്ഥലങ്ങളിലും റോഡിന്റെ വശങ്ങളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് പതിവാണ്. ഭക്ഷണം കഴിക്കാനായി നായ്ക്കൾ കൂട്ടത്തോടെ ഇവിടെയെത്തുകയും കടിപിടി കൂടുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യാറുണ്ട്. ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനുള്ളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സമീപപ്രദേശങ്ങളിലും തെരുവുനായ്ക്കൾ വിഹരിക്കുന്നുണ്ട്. തീവണ്ടിയാത്രക്കാർ തെരുവുനായശല്യത്തിൽ ഏറെ ബുദ്ധിമുട്ടിലാണ്.
റെയിൽവേ സ്റ്റേഷൻ പരിസരം കാടുപിടിച്ചുകിടക്കുന്നതിനാൽ പ്രദേശത്ത് മാലിന്യംതള്ളൽ വ്യാപകമാണ്. ഇതിന് പുറമെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽനിന്നു ഭക്ഷണാവശിഷ്ടങ്ങൾ നായ്ക്കൾക്ക് നൽകുന്നതാണ് പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാകാൻ കാരണം.
മാസങ്ങളുടെ ഇടവേളയിൽ രണ്ട് കുട്ടികളുടെ ജീവനാണ് ആലംകോട്-മീരാൻകടവ് റോഡിൽ തെരുവുനായ വാഹനത്തിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ നഷ്ടമായത്. മാമ്പള്ളി പുതുമണൽപുരയിടം വീട്ടിൽ ജെ.പി. സഖിയും (12) അഞ്ചുതെങ്ങ് മാമ്പള്ളി തിട്ടയിൽവീട്ടിൽ വാൾട്ടർ-ബിജി ദമ്പതിമാരുടെ മകൻ ബിനോയിയുമാണ് (10) മരിച്ചത്.
തെരുവുനായശല്യം പ്രദേശത്ത് അതിരൂക്ഷമായിട്ടും ശാശ്വതമായൊരു പരിഹാരം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തെരുവുനായ്ക്കളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രം തുറക്കാനോ വന്ധ്യംകരണനടപടികൾ ഊർജ്ജിതമാക്കാനോ പഞ്ചായത്ത് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
