സർക്കാർ സർവീസിലെ അഴിമതിക്കാരുടെ പട്ടിക വിജിലൻസ് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കി. 262 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.
പട്ടികയിൽ കൂടുതലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. അഴിമതിക്കാരുടെ പട്ടിക വിജിലൻസ് ഡയറക്ടർ, വിജിലൻസിലെ പൊലീസ് സൂപ്രണ്ടുമാർക്ക് കൈമാറി. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്.
സ്ഥിരമായി കേസിൽപ്പെടുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. അഴിമതിക്കാരെ കണ്ടെത്താൻ ജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കണം. ഫയലുകൾ ദീർഘകാലം വെച്ചുതാമസിപ്പിക്കുന്നവർ, ഫയൽ നീക്കാൻ പണം ആവശ്യപ്പെടുന്നവർ തുടങ്ങിയവരെയെല്ലാം പ്രത്യേകം ലിസ്റ്റിൽപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ കുരുക്കാൻ മാസത്തിൽ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നും വിജിലൻസ് എസ്പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാസം തോറും വിലയിരുത്താനും വിജിലൻസ് ഡയറക്ടർ തീരുമാനിച്ചു. വിജിലൻസ് ഡിഐജിക്കാണ് ഇതിൻ്റെ ചുമതല.
ഒന്നര വർഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകൾ വിജിലൻസിലുണ്ടെന്നും ഡയറക്ടർ വിമർശിച്ചു. പ്രവർത്തനം മോശമായവരെ മാതൃ സേനയിലേക്ക് മടക്കുമെന്നും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
