മരുന്ന് കഴിച്ചാലും മദ്യമെന്ന് യന്ത്രം; തകരാറ് ബ്രത്തന ലൈസറിന് : ലോക്കോ പൈലറ്റുമാർക്ക് ഭക്ഷണ വിലക്ക്
മരുന്നുകളും പഴങ്ങളും കരിക്കിൻ വെള്ളവും പോലും മദ്യമെന്ന് കണ്ടെത്തി റെയിൽവേയുടെ ബ്രത്തനലൈസർ ഉപകരണങ്ങൾ. ഇതോടെ ലോക്കോ പൈലറ്റുമാർക്കു ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തി. ലോക്കോ പൈലറ്റുമാർ ഡ്യൂട്ടി തുടങ്ങുന്നതിനു മുൻപും ഡ്യൂട്ടിയിലും ഹോമിയോ മരുന്നുകൾ, കഫ് സിറപ്പ്, മൗത്ത് വാഷ്, എന്നിവ ഉപയോഗിക്കരുതെന്ന വിചിത്ര ഉത്തരവാണ് റെയിൽവേ ഇലക്ട്രിക്കൽ ഓപ്പറേഷൻസ് വിഭാഗത്തിന്റേത്. ഡ്യൂട്ടിക്കു പ്രവേശിക്കുമ്പോഴുള്ള പരിശോധനയിലാണ് മെഷീൻ തെറ്റായി മദ്യത്തിന്റെ സാന്നിധ്യം കാണിക്കുന്നത്. തുടർന്ന് രക്ത പരിശോധന നടത്തും.
അപ്പോഴും മദ്യത്തിന്റെ അംശം കാണുന്നില്ലെന്നു വന്നതോടെയാണ് ഭക്ഷണ വിലക്ക് ഏർപ്പെടുത്തിയതത്രേ. വിലക്കിയ ഭക്ഷണം കഴിച്ചാൽ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ഏതു സാഹചര്യത്തിലാണ് അത് കഴിച്ചതെന്നും വ്യക്തമാക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു. മതിയായ കാരണമില്ലാതെ വിലക്കിയ ഭക്ഷണം കഴിച്ചു വരുന്നവർക്കെതിരെ ട്രെയിൻ ഗതാഗതം മനഃപൂർവം തടസ്സപ്പെടുത്തിയെന്ന കുറ്റത്തിന് നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
