കനിവു തേടി, കണ്ണീരോടെ ‘ആശമാരുടെ’ പൊങ്കാല
ഭരണാധികാരികളുടെ കനിവു തേടി സെക്രട്ടേറിയറ്റിനു മുന്നിൽ 32 ദിവസമായി സമരം ചെയ്യുന്ന ആശാ വർക്കർമാരും ആറ്റുകാൽ പൊങ്കാലയിട്ടു. സമരത്തിൽ പങ്കെടുക്കുന്നവരിൽ നൂറോളം പേരാണ് സമരവേദിയിൽ ഭക്തിപൂർവം പൊങ്കാലയിട്ടത്. മറ്റുള്ളവരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.ഇത് പ്രതിഷേധ പൊങ്കാലയല്ലെന്നും മനമുരുകി കണ്ണീരോടെയാണു ദേവിക്കു മുന്നിൽ പൊങ്കാലയിടുന്നതെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൺമുന്നിലാണ് തങ്ങൾ പാവപ്പെട്ട കുറെ സ്ത്രീകൾ 32 ദിവസമായി വെയിലും മഴയും സഹിച്ച് ന്യായമായ അവകാശത്തിനായി സമരം ചെയ്യുന്നത്. എന്നിട്ടും തങ്ങളെ കാണാനോ കേൾക്കാനോ വിഷമങ്ങൾ മനസ്സിലാക്കാനോ അവർക്ക് കനിവുണ്ടാകുന്നില്ല. അതുണ്ടാകണമെന്ന് ആറ്റുകാലമ്മയോട് പ്രാർഥിച്ചാണ് പൊങ്കാലയിട്ടതെന്നും ആശമാർ പറഞ്ഞു.രാവിലെ പൊങ്കാലയ്ക്കു മുൻപ് കെ.കെ.രമ എംഎൽഎ എത്തി പിന്തുണ അറിയിച്ചു. പതിനൊന്നോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീണ്ടും ഇവിടെയെത്തി.
ആശമാരുടെ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയായിരുന്നു പ്രതികരണം. മിനിയാന്ന് ഇവിടെയെത്തിയ അദ്ദേഹം പൊങ്കാലയിടാനുള്ള സാധനങ്ങളുടെ നൂറോളം കിറ്റുകൾ എത്തിച്ചിരുന്നു. പൊങ്കാലയിട്ടവരോട് വിശേഷങ്ങൾ ചോദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷും ഒപ്പമുണ്ടായിരുന്നു. പിന്നാലെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും ഇവിടെയെത്തി. സമരക്കാരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാർ ഉൾപ്പെടെയുള്ളവരും ആശമാരെ സന്ദർശിച്ചു. സമരത്തിനു പിന്തുണയുമായി ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരും ഇവിടെ പൊങ്കാലയിട്ടു.
