ആറ്റുകാൽ പൊങ്കാല: പ്രദേശവാസികൾക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകണം
ആറ്റുകാൽ ക്ഷേത്രോത്സവ ദിവസങ്ങളിൽ പ്രദേശവാസികൾക്ക് യാത്രാ തടസ്സം നേരിടാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പ്രദേശവാസികൾക്കു പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു. ആറ്റുകാൽ പൊങ്കാല സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശുദ്ധജലം, ഭക്ഷണം എന്നിവയുടെ സുരക്ഷ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും പാടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധനകൾ ശക്തമാക്കണം.
വിവിധ വകുപ്പുകളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും മുഖ്യമന്ത്രി യോഗത്തിൽ വിലയിരുത്തി. പൊങ്കാല ഡ്യൂട്ടിക്ക് ഇത്തവണ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചു. ആദ്യഘട്ടത്തിൽ 120 പേരെയും പൊങ്കാല ഉത്സവത്തിന് ഏകദേശം 1000 വനിതാ പൊലീസുകാരെയും നിയോഗിക്കും. പൊങ്കാല ചരിത്രത്തിൽ ആദ്യമായി ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെയും നിയോഗിക്കും.
