പൊങ്കാല സമർപ്പണത്തിന് ക്ഷേത്രവും പരിസരവും ഒരുങ്ങിയെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പൊങ്കാല ദിവസം വിമാനത്താവളത്തിലെ റൺവേയുടെ അറ്റകുറ്റപ്പണി നിർത്തി, പുഷ്പവൃഷ്ടി നടത്താനുള്ള ക്രമീകരണം ഏർപ്പെടുത്തിയെന്നും ഭാരവാഹികൾ അറിയിച്ചു.
13ന് രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ ആരംഭിക്കും. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടി കഴിഞ്ഞാലുടൻ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. ഇതേ ദീപം സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. ഈ സമയം ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന ദീപമാണ് ഭക്തരുടെ അടുപ്പുകളെ ജ്വലിപ്പിക്കുക.
ഉച്ചയ്ക്ക് 1.15 ന് ആണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിന് പൂജാരിമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ, പ്രസിഡന്റ് വി.ശോഭ, സെക്രട്ടറി കെ.ശരത് കുമാർ, ജോയിന്റ് സെക്രട്ടറി എ.എസ്.അനുമോദ്, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ഡി.രാജേന്ദ്രൻ നായർ, ആർ.ജെ.പ്രദീപ് കുമാർ എന്നിവർ അറിയിച്ചു. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയൂടെ എഴുന്നള്ളത്ത് പുറപ്പെടും. അടുത്ത ദിവസം രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിച്ച് ഒൻപതോടെ ക്ഷേത്രത്തിലെത്തും. വെള്ളിയാഴ്ച രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
