ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം: കാപ്പുകെട്ടി കുടിയിരുത്തി;
ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി, പാട്ടുപുരയിൽ ചിലപ്പതികാരത്തിലെ കണ്ണകിയുടെ ചരിതം പാടി തോറ്റംപാട്ടു തുടങ്ങി. ആചാരനിഷ്ഠകളോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു തുടക്കം. ഇന്നലെ രാവിലെ 10 ന് കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങുകളോടെ തുടങ്ങിയ ഉത്സവത്തിന് പൂർണതയേകുന്ന ആറ്റുകാൽ പൊങ്കാല 13 ന് നടക്കും.
Contents
വ്രതനിഷ്ഠയോടെ, ദേവിയെ അണിയിക്കാൻ പഞ്ചലോഹത്തിൽ നിർമിച്ച കാപ്പും പുറുത്തിനാരും മന്ത്രജപത്തോടെ ക്ഷേത്രത്തിലെത്തിച്ചു. ഒരു കാപ്പ് ക്ഷേത്രതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവിയുടെ ഉടവാളിലും മറ്റൊരു കാപ്പ് മേൽശാന്തി വി.മുരളീധരൻ നമ്പൂതിരിയുടെ കയ്യിലും കെട്ടിയതോടെ ഉത്സവത്തിനു തുടക്കമായി.
