ബസുകൾ കൂട്ടിയിടിച്ച് 26 പേർക്ക് പരുക്ക്
തമ്പാനൂർ മേൽപാലത്തിൽ നിയന്ത്രണംവിട്ട് ദിശമാറി സഞ്ചരിച്ച കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടികളടക്കം 26 പേർക്ക് പരുക്കേറ്റു. തലയ്ക്കും മുഖത്തും പരുക്കേറ്റ അദ്വൈത് (19), ഷാജി (59), ഗൗരി (70), സിന്ധു (44), ലക്ഷമി (22) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ ജനറൽ ആശുപ്രതിയിലും ചികിത്സ തേടി.
കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. അലക്ഷ്യമായി വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയതിന് ഡ്രൈവർ അജിമോനെ പ്രതിയാക്കി പൊലീസ് കേസ് എടുത്തു. രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്കു മരുന്നുകഴിച്ചതിനെ തുടർന്നു മയങ്ങിപ്പോയെന്നാണ് അജിമോന്റെ മൊഴിയെന്നു പൊലീസ് പറഞ്ഞു. കിഴക്കേക്കോട്ട–പാപ്പനംകോട് റൂട്ടിൽ ഓടുന്ന ശബരി ബസ്സും പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
