ജനറൽ ആശുപത്രിയിൽ എക്സ്റേ ഉപകരണം പണിമുടക്കിയതോടെ ഒട്ടേറെ രോഗികളെ മടക്കി അയച്ചു. അത്യാവശ്യക്കാർക്ക് മാത്രം എക്സ്റേ എടുത്തു നൽകി. ഉപകരണം കേടായതോടെ എക്സ്റേ എടുത്തവരിൽ ഭൂരിപക്ഷം പേരുടെയും ഇമേജ് ലഭിച്ചില്ല. എക്സ്റേ ഉപകരണത്തിന് യുപിഎസ് ഇല്ലാത്തതാണ് തകരാറിന് കാരണമായത്. പുതിയ യുപിഎസ് വാങ്ങാനായി നടപടി സ്വീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ ആണ് വൈദ്യുതിതടസ്സം ഉണ്ടായത്. പിന്നാലെ എക്സ്റേ ഉപകരണം കേടായി. പിന്നീട് വൈദ്യുതി വന്നെങ്കിലും വോൾട്ടേജ് കൂടുതലായിരുന്നതിനാൽ എക്സ്റേ ഉപകരണത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതായി അധികൃതർ പറഞ്ഞു. ഈ സമയത്ത് അൻപതിലധികം പേർ ആശുപത്രിയിൽ എക്സ്റേ എടുക്കാനായി ഉണ്ടായിരുന്നു. ഇമേജ് ശരിയായി ലഭിക്കാത്തവരെ വീണ്ടും എക്സ്റേ എടുപ്പിച്ചതോടെ മണിക്കൂറുകളായി കാത്തിരുന്നവർ വലഞ്ഞു. പലരും എക്സ്റേ എടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങി.
