നെടുമങ്ങാട്.ലഹരിയാകുന്ന ഇരുട്ടിൽ നിന്നും സാമൂഹിക നന്മയ്ക്കായി തിരിവെട്ടം പകരാനുള്ള ശ്രമങ്ങൾക്ക് ജീവനക്കാരുടെ പങ്കാളിത്തം മാതൃകയാകുന്നു. സമൂഹത്തിൽ അതിവേഗം വ്യാപിക്കുന്ന സിന്തറ്റിക് ലഹരി, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ ഭരണകൂട നടപടികൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ നെടുമങ്ങാട് മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നെടുമങ്ങാട് കെഎസ്എച്ച്ബി ഹാളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണവും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളെയും യുവതലമുറയെയും ലഹരിക്കടിമകളാക്കി രാജ്യത്തെ ശിഥിലമാക്കുകയെന്ന ലക്ഷ്യമാണ് ലഹരി മാഫിയ സംഘങ്ങൾ ക്കുള്ളതെന്നും, വിപുലമായ ബോധവൽക്കരണവും കൃത്യമായ തിരിച്ചറിവും പകരുന്നതിലൂടെ ലഹരി എന്ന സാമൂഹ്യ വിപത്തിനെ ഇല്ലാതാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖല വൈസ് പ്രസിഡന്റ് ജെ.കെ ഷിബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി.കെ മധു, നോർത്ത് ജില്ല പ്രസിഡന്റ് ആർ.എസ് സജീവ്, നെടുമങ്ങാട് ആർ.ഡി.ഒ കെ.പി ജയകുമാർ, തഹസീൽദാർ സജി എസ്.കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ സിന്ധു, മേഖല സെക്രട്ടറി അച്ചു.എം, ജോയിന്റ് സെക്രട്ടറി സുഭാഷ് എ.പി എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ നെടുമങ്ങാട് മേഖല വനിത കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആര്യ എസ്.ആർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



