പൊട്ടിയ പൈപ്പ് ആരു നന്നാക്കും? കൈമലർത്തി ജല അതോറിറ്റിയും പഴയകുന്നുമ്മേൽ പഞ്ചായത്തും
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പുതിയകാവ് ചന്തയുടെ നവീകരണത്തിനു മുന്നോടിയായി കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പണികൾ നടത്തുന്നതിനിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതു കാരണം തൊട്ടടുത്ത കിളിമാനൂർ പഞ്ചായത്തിലെ 35 കുടുംബങ്ങൾക്കുള്ള ജല വിതരണം നിലച്ചു. മണ്ണുമാന്തി ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ച് മണ്ണും കട്ടയും നീക്കം ചെയ്ത ശേഷം തറ കുഴിച്ച് മണ്ണ് നീക്കം ചെയ്യുമ്പോഴാണ് സംഭവം.
12 ദിവസം മുൻപാണ് ജലവിതരണ പൈപ്പ് പൊട്ടിയത്. കിളിമാനൂർ പഞ്ചായത്തിന്റെ അതിർത്തിയോട് ചേർന്ന് മൂന്നിടത്താണ് പൈപ്പ് പൊട്ടിയത്. മണ്ണ് മാന്തി ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ പൈപ്പ് പൊട്ടിച്ചതു കാരണം ജലഅതോറിറ്റി ഇതു നന്നാക്കാൻ കൂട്ടാക്കുന്നില്ല. ഇക്കാര്യം ആറ്റിങ്ങൽ ജലഅതോറിറ്റി ഓഫിസിൽ അറിയിച്ചപ്പോൾ പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റിനെ സമീപിക്കാനാണ് നിർദേശിച്ചത്.
