മാല പിടിച്ചുപറിച്ച കേസിലെ പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ.
ആറ്റുകാൽ പൊങ്കാല ദിവസം 10 പവന്റെ സ്വർണമാല മോഷ്ടിച്ചു കടന്ന അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനി പിടിയിൽ. തമിഴ്നാട്ടിൽ മാത്രം 20 മോഷണകേസുകളിൽ പ്രതിയായ ഇളയരാജയെ(46) ആണ് വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ്.ഷാനിഫും സംഘവും തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇളയരാജയുടെ ഭാര്യയടക്കം കേസിൽ നേരിട്ട് പങ്കാളിയായ 5 പേർ പൊലീസിന്റെ വലയിലായെന്നാണ് സൂചന. സ്ത്രീകളെ നഗരത്തിൽ എത്തിച്ച് മോഷണം നടത്താൻ പദ്ധതിയിട്ടതും രക്ഷപ്പെടാൻ സഹായിച്ചതെന്നും ഇളയരാജയാണെന്നു പൊലീസ് പറഞ്ഞു.
ഇവർ സഞ്ചരിച്ച കാർ പാലക്കാട് –പൊള്ളാച്ചി റോഡിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാർച്ച് 13ന് ആയുർവേദ കോളജ് ജംക്ഷനിൽ ബസിൽ കയറാൻ നിന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന 10 പവന്റെ സ്വർണമാലയാണ് തമിഴ് സ്വദേശികളായ സ്ത്രീകൾ പൊട്ടിച്ചത്. അവിടെ നിന്ന് ഓട്ടോറിക്ഷകൾ മാറി മാറി കയറി ആക്കുളത്ത് എത്തി. അവിടെ നിന്ന് ഇളയരാജയുടെ വാഹനത്തിൽ പ്രതികൾ കടന്നു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
