സൈബർ കുറ്റകൃത്യങ്ങൾ, ഭീകരവാദ ബന്ധം; അലക്സേജ് ‘വമ്പൻ സ്രാവ്’
വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവ് കൈകാര്യം ചെയ്തത് ആഗോളതലത്തിൽ നടന്ന വൻ കുറ്റകൃത്യങ്ങളിൽ നിന്നുള്ള പണം. സൈബർ കുറ്റകൃത്യ സംഘങ്ങൾ മുതൽ ഭീകരവാദ സംഘടനകൾ വരെയുള്ളവയുടെ പണമാണ് അലക്സേജിന്റെ നേതൃത്വത്തിലുള്ള ‘ഗാരന്റെക്സ്’ എന്ന ക്രിപ്റ്റോ കറൻസി സ്ഥാപനത്തിലൂടെ കടന്നുപോയതെന്നും കുറ്റവാളികളുടെ വിവരങ്ങളടക്കം ഇയാൾ രഹസ്യമായി സൂക്ഷിച്ചെന്നും യുഎസ് രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഏതാനും വർഷങ്ങളിൽ നടന്ന സൈബർ ആക്രമണങ്ങളിൽ മിക്കവയുടെയും പിന്നിൽ അലക്സേജിന്റെ സാന്നിധ്യമുണ്ട്.
സൈബർ ആക്രമണസംഘങ്ങളായ ബ്ലാക്ക് ബസ്റ്റ, കോന്റി, പ്ലേ ഗ്രൂപ്പ് എന്നിവ സൈബർ കുറ്റകൃത്യങ്ങളിലൂടെ നേടിയ പണം അലക്സേജിന്റെ സ്ഥാപനത്തിലേക്കെത്തി. ഇവയടക്കമുള്ള ആഗോള കുറ്റവാളിസംഘങ്ങൾക്കു സുരക്ഷിതമായി പണം നിക്ഷേപിക്കാനുള്ള ഇടമായി ഗാരന്റെക്സ് പ്രവർത്തിച്ചു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ വട്ടംകറക്കിയ സൈബർ കുറ്റകൃത്യങ്ങളുടെ വ്യാപ്തി പരിഗണിക്കുമ്പോൾ അലക്സേജിന്റെ അറസ്റ്റ് അതീവ നിർണായകമാണെന്നാണു വിലയിരുത്തൽ.
