ജോർദാനിൽ വെടിയേറ്റ് മരണം: അനിയുടെ മൃതദേഹം കൊണ്ടുവരാൻ 7 ലക്ഷം വേണം.
ജോർദാൻ സൈനികരുടെ വെടിയേറ്റു മരിച്ച തുമ്പ രാജീവ് ഗാന്ധി നഗറിൽ പുതുവൽ പുരയിടത്തിൽ ഗബ്രിയേൽ പെരേരയുടെ (അനി തോമസ് 45) മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട 7 ലക്ഷം രൂപ കണ്ടെത്താൻ വഴിയില്ലാതെ കുടുംബം. സംസ്ഥാന സർക്കാരിന്റെ സഹായം പ്രതീക്ഷിക്കുകയാണ് ബന്ധുക്കൾ. മൃതദേഹം നാട്ടിലെത്തിക്കണമെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ ജോർദാനിലെ ഇന്ത്യൻ എംബസിക്കു കത്തു നൽകി. വീട് സന്ദർശിച്ച ബിജെപി നേതാവ് വി.മുരളീധരൻ വിദേശകാര്യ മന്ത്രി ജയശങ്കറിനോട് വിഷയത്തിൽ സഹായം അഭ്യർഥിച്ചു.
കേരളത്തിൽ നിന്ന് ഫെബ്രുവരി 5 ന് മൂന്നു മാസത്തെ സന്ദർശക വീസയിൽ ജോർദാനിലെത്തിയ അനി തോമസും, ബന്ധുവായ എഡിസണും 10 ന് ഇസ്രയേലിലേക്കു കടക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയേറ്റതെന്നാണ് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചത്.
Advertisement
