ഇടവ റെയിൽവേ മേൽപാലം പണി അനിശ്ചിതത്വത്തിൽ.
ജംക്ഷനിലെ റെയിൽവേ മേൽപാല നിർമാണത്തിനു തടസ്സങ്ങൾ തുടരുന്നു. മേൽപാലത്തിന്റെ സ്ഥാന നിർണയത്തിൽ അപാകതയുണ്ടെന്നും സ്ഥലമെടുപ്പിൽ പുനഃപരിശോധന ആവശ്യപ്പെട്ടും സ്ഥലം ഉടമകളായ ഏതാനുംപേർ സുപ്രീംകോടതിയെ സമീപിച്ചതാണ് നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചത്.റെയിൽവേയുടെ നേതൃത്വത്തിൽ തയാറാക്കിയ അലൈൻമെന്റ് പ്രകാരം ജംക്ഷനു മീതേ പാലവും അനുബന്ധ തൂണുകളുടെ സ്ഥാനവും നിർണയിക്കപ്പെട്ടിരുന്നു. എന്നാൽ, നിശ്ചയിക്കപ്പെട്ട അലൈൻമെന്റ് അശാസ്ത്രീയമാണെന്നും വളച്ചുകെട്ടിയാണ് പോകുന്നതെന്നുമാണ് വാദം. ഇവർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചെങ്കിലും അന്തിമവിധിയിൽ റെയിൽവേയുടെ നിലപാട് ശരിവച്ചു. അതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നിർമാണ നടപടികൾ മാസങ്ങളോളം സ്തംഭിച്ചേക്കാവുന്ന സ്ഥിതിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് പറയുന്നത്.പഞ്ചായത്ത് പരിധിയിൽ മൂന്ന് റെയിൽവേ ഗേറ്റുകളാണ്. വർക്കല ഭാഗത്തുനിന്നു വരുന്ന ജനതാമുക്ക് ഗേറ്റ്, ഇടവ ഗേറ്റ്, കൂടാതെ ഹൈസ്കൂൾ ഗേറ്റും. ഇതിൽ ഇടവ ജംക്ഷനിലാണ് തിരക്ക് ഏറ്റവും അനുഭവപ്പെടുന്നത്. ഇവിടെയാണ് 35 കോടിയിലധികം ചെലവ് വരുന്ന മേൽപാലം പദ്ധതിക്ക് തുടക്കമിട്ടത്. ഉടമകളിൽനിന്നു സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കി നഷ്ടപരിഹാര തുകയും വിതരണം ചെയ്തു. ഉടമസ്ഥരിൽ ഭൂരിഭാഗവും സ്ഥലം വിട്ടുനൽകുകയും പലരും മതിൽ–കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കുന്ന ജോലികൾക്കും തുടക്കമിട്ടിരുന്നു.എന്നാൽ, ഇനി വിധി വരുന്നതുവരെ നിർമാണം അനിശ്ചിതത്വത്തിൽ തുടരും.
