‘ഡ്രജിങ് കാര്യക്ഷമമാക്കണം; പൊഴി മുറിക്കാൻ അനുവദിക്കില്ല’: മുതലപ്പൊഴിയിൽ മനുഷ്യച്ചങ്ങലയുമായി മത്സ്യത്തൊഴിലാളികൾ.
മണലടിഞ്ഞ് മീന്‍പിടിത്ത ബോട്ടുകളുടെ നീക്കം നിലച്ച മുതലപ്പൊഴി അഴിമുഖത്തെ പൊഴി മുറിക്കാനുള്ള നടപടികള്‍ക്കായി എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് മത്സ്യത്തൊഴിലാളികള്‍. ഇന്നലെ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണു പൊഴി മുറിക്കാനുള്ള ജോലി ഇന്നുതന്നെ തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ പൊഴി മുറിക്കാനുള്ള മന്ത്രിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് മുതലപ്പൊഴിയിലെ മീന്‍പിടിത്ത തൊഴിലാളികള്‍ പറഞ്ഞിരുന്നു. അഴിമുഖത്ത് ഡ്രജിങ് കാര്യക്ഷമമാകാതെ പൊഴി തുറക്കാന്‍ അനുവദിക്കില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നുമാണ് ഇവരുടെ ആവശ്യം.
ഇന്ന് രാവിലെ ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോള്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് മത്സ്യത്തൊഴിലാളികള്‍ ഇവരെ തടഞ്ഞത്. പ്രതിഷേധം ശക്തമായതിനു പിന്നാലെ സംഘര്‍ഷസാധ്യത ഉടലെടുത്തതോടെ പൊലീസ് പിന്‍മാറി. പ്രതിഷേധക്കാരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി അവര്‍ സമ്മതിച്ചാല്‍ മാത്രമേ പൊഴി മുറിക്കാനുള്ള ജോലികള്‍ ആരംഭിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
