തിരുവനന്തപുരം: കല്ലറ ഗവൺമെന്റ് ആശുപത്രിയിൽ ഓ പി ടിക്കറ്റ് എടുക്കാൻ നിന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പാങ്ങോട് പോലീസിന് കൈമാറി. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ യുവതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടിപ്പോവുകയായിരുന്നു. ഇതിനിടയിൽ പിന്തുടർന്ന് എത്തിയ നാട്ടുകാർ തറട്ട ജംഗ്ഷന് സമീപം വെച്ച് തടഞ്ഞു വയ്ക്കുകയും പാങ്ങോട് പോലീസിന് കൈമാറുകയുമായിരുന്നു. ഇക്കഴിഞ്ഞ ദിവസം കല്ലറ ശരവണ ആഡിറ്റോറിയത്തിൽ കല്യാണത്തിന് എത്തിയ കൊടിതൂക്കിയകുന്ന് സ്വദേശിനിയുടെ രണ്ടര പവൻ സ്വർണമാലയും ഇക്കഴിഞ്ഞ ശനിയാഴ്ച കല്ലറ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തണ്ണിയം സ്വദേശിയായ വൃദ്ധ മാതാവിന്റെ രണ്ടര പവൻ മാലയും കവർന്ന സംഭവവും നടന്നിരുന്നു. തമിഴ്നാട് സ്വദേശിനികളായ മൂന്ന് അംഗസംഘം കല്ലറ പ്രദേശത്ത് വ്യാപകമായി മോഷണങ്ങളും മോഷണശ്രമങ്ങളും നടത്തിവരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിനിടയിലാണ് സംഘത്തിൽപ്പെട്ടത് എന്ന് സംശയിക്കുന്ന ഒരു സ്ത്രീയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
