ആയിരക്കണക്കിന് കുടുംബങ്ങളെയും മത്സ്യ തൊഴിലാളികളെയും ബാധിയ്ക്കുന്ന വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥക്കും, മത്സ്യ തൊഴിലാളി സമൂഹത്തോടുള്ള അവഗണനയ്ക്കുമെതിരെ ഐ.എൻ.ടി.യു.സി മുതലപ്പൊഴി ഹാർബർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മുതലപ്പൊഴിയിലെ ഹാർബർ എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് വമ്പിച്ച മാർച്ചും ധർണയും സംഘടിപ്പിച്ചു.
കഴിഞ്ഞ മൂന്നുമാസമായി മുതലപ്പൊഴിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിനായി നിരവധി നിവേദനകളും റോഡ് ഉപരോധവും നടത്തിയിട്ടും ക്രിയാത്മകമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
അടിയന്തിരമായി നേവിയുടെ സഹായം തേടി ഡ്രെജ്ജിങ് വെസ്സൽ കൊണ്ടുവരുകയോ ഡ്രെജ്ജിങ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഡി.സി.ഐ ഗോദാവരി എന്ന ഡ്രെജ്ജിങ് വെസ്സൽ കൊച്ചിയിൽ നിന്നും കൊണ്ടുവരുകയോ വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും, പ്രവർത്തകരും അണിനിരന്ന
സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ്
വെട്ട്റോഡ് സലാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എം.ജെ ആനന്ദ്, കെ.എസ് അജിത്ത് കുമാർ ബ്ലോക്ക് പ്രസിഡൻ്റ് നൗഷാദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ അഡ്വ. എച്ച്.പി ഹാരിസൻ, എ.ആർ നിസാർ, കടയറ ജയചന്ദ്രൻ, കഠിനംകുളം ജോയി, മനോജ് മോഹൻ, കെ. ഓമന, വി.ലാലു, ഷഹീൻ ഷാ, മുനീർ, അജിത്ത്, മാടൻവിള നൗഷാദ്, നസിയാ സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.
ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സമരക്കാരും, പോലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ ത്തുടർന്ന് ഓഫീസിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.
