മുതലപ്പൊഴി: പൊഴിമുറിക്കാനെത്തിയ സന്നാഹങ്ങൾ തടഞ്ഞ് തൊഴിലാളികൾ; പൊഴിമുഖ തീരത്ത് പ്രതിഷേധച്ചങ്ങല.
ഇരുപതിനായിരത്തിലധികം പേരുടെ ഉപജീവനമാർഗമാണ് അടഞ്ഞത്. കോടിക്കണക്കിനു രൂപ കൊള്ളപ്പലിശയ്ക്കു വായ്പയെടുത്തു വാങ്ങിയ ബോട്ടുകളും മീൻപിടിത്ത സാമഗ്രികളും കായലിൽ കെട്ടിയിട്ടിരിക്കുന്നു. ദിവസങ്ങളായി പ്രവർത്തിക്കാത്ത എൻജിൻ തകരാറായാൽ നന്നാക്കാൻ ലക്ഷങ്ങൾ വേണം. അതിന്റെ ആധിയിൽ കഴിയുന്ന മീൻപിടിത്ത തൊഴിലാളികളല്ല, കാൽ നനയുന്നത്ര വെള്ളം വീട്ടു മുറ്റത്തു കയറിയെന്ന ചിലരുടെ പരാതിയും മത്സ്യക്കൃഷി നടത്തുന്ന ഇഷ്ടക്കാരുടെ താൽപര്യവുമാണു സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നത്–’ അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തു പൊഴിമുറിക്കാനെത്തിയ സർക്കാർ സന്നാഹങ്ങളെ തടഞ്ഞുനിർത്തിയ മത്സ്യത്തൊഴിലാളികളുടെ രോഷം തിളയ്ക്കുകയായിരുന്നു…
‘ആരുടെയെങ്കിലും വീട്ടിൽ വെള്ളം കയറിയാൽ ഞങ്ങൾ തന്നെ പൊഴി തുറന്നു വെള്ളം കടലിലേക്കു വിടും, അതിനു സർക്കാരിന്റെ ആവശ്യമില്ല. സർക്കാർ ഇപ്പോൾ ചെയ്യേണ്ടത് ഞങ്ങൾ ആവശ്യപ്പെട്ടതു പോലെ പൊഴിയിലെ മണൽ പൂർണമായി നീക്കി ആഴം നിലനിർത്തിയ ശേഷം പൊഴി മുറിക്കുകയാണ്. അല്ലാതെ ഞങ്ങളുടെ കണ്ണിൽപൊടിയിടാൻ പൊഴി മുറിക്കുന്ന നാടകം കളിച്ചിട്ടു കാര്യമില്ല.’– തൊഴിലാളികൾ പറഞ്ഞു.
മന്ത്രിയും ഫിഷറീസ് വകുപ്പും പലവട്ടം നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയതിന്റെ അമർഷം ശക്തമായപ്പോൾ കലക്ടറുടെ ഉത്തരവുമായെത്തി പൊഴിമുറിക്കാനുള്ള ശ്രമത്തിൽനിന്നു പിൻവാങ്ങാൻ അധികൃതർ നിർബന്ധിതരായി. അനുനയശ്രമങ്ങളിൽ തെല്ലും വഴങ്ങാതെ പൊഴിമുഖ തീരത്തു മനുഷ്യച്ചങ്ങല സൃഷ്ടിച്ചു തീരമേഖലയിലുള്ളവർ സർക്കാരിന്റെ നടപടികളിൽ പ്രതിഷേധമറിയിച്ചു. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ പൊഴിമുറിക്കാനുള്ള ശ്രമം താൽക്കാലികമായി ഉപേക്ഷിച്ച് ഉദ്യോഗസ്ഥ സംഘം പോയി. പൊഴി മുറിക്കുന്നതിനു നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി അഴിമുഖത്ത് ഉദ്യോഗസ്ഥസംഘം എത്തുമെന്നറിഞ്ഞു പുലർച്ചെ മുതൽ സ്ത്രീകളടക്കം നൂറുകണക്കിനു തൊഴിലാളികൾ സംഘടിച്ചിരുന്നു.
