January 15, 2026

ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി.

ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. കാരക്കോണം സ്വദേശി 51കാരിയായ ശാഖ കുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് 28കാരനായ അരുൺ കുറ്റക്കാരനെന്നു നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. ശിക്ഷ നാളെ വിധിക്കും. ലക്ഷങ്ങളുടെ സ്വത്തിനു ഉടമയായ ഭാര്യയെ വിവാഹം കഴിച്ചു രണ്ടര മാസത്തിനുള്ളിലാണ് അരുൺ കൊലപ്പെടുത്തിയത്. ശാഖയെ കിടപ്പു മുറിയിൽ വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഹാളിലേക്കു കൊണ്ടുവന്നു ഷോക്കേൽപ്പിക്കുകയായിരുന്നു എന്നാണ് അരുൺ പൊലീസിനു നൽകിയ മൊഴി.

ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനാണു കൈകൊണ്ട് മുഖം അമർത്തി കൊലപ്പെടുത്തിയതെന്നാണ് അരുൺ വെളിപ്പെടുത്തിയത്. കിടപ്പുമുറിയിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.ക്രിസ്മസ് വിളക്കിൽനിന്ന് ഷോക്കേറ്റെന്നു പറഞ്ഞാണ് ശാഖയെ അരുൺ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെയ്യാറ്റിൻകരയിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ശാഖ ആശുപത്രിയിൽവച്ചു പരിചയപ്പെട്ട അരുണുമായി പ്രണയത്തിലാവുകയായിരുന്നു.

തുടർന്ന് 50 ലക്ഷം രൂപയും നൂറ് പവനും വാങ്ങി വിവാഹം കഴിച്ചു. എന്നാൽ പ്രായക്കൂടുതലുള്ള ശാഖയുമായുള്ള വിവാഹ ഫോട്ടോകൾ പുറത്തുവന്നത് അരുണിനെ പ്രകോപിപ്പിച്ചു. വിവാഹത്തിന്റെ കാര്യം അരുണിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. വിവാഹചടങ്ങിൽ അധികം ആളുകൾ അരുണിന്റെ ഭാഗത്ത് ഉണ്ടായിരുന്നില്ല. പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരിൽ കൂട്ടുകാർ കളിയാക്കിയതും സ്വത്തിനു വേണ്ടിയുള്ള തർക്കവും ബന്ധം വഷളാക്കി. ഭർത്താവിന്റെ സ്വഭാവം നന്നാകാൻ ശാഖ എടുത്ത വ്രതം അവസാനിക്കുന്ന ദിവസമായിരുന്നു കൊലപാതകം.

Leave a Reply

Your email address will not be published. Required fields are marked *