ചിറയിൻകീഴ്/നാഗർകോവിൽ∙സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്തു നൽകിയാൽ കേരളത്തിൽ മൂന്നും നാലും റെയിൽ പാതകൾ നിർമിക്കാൻ കേന്ദ്രം സഹായിക്കുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച ചിറയിൻകീഴ്, കന്യാകുമാരി ജില്ലയിലെ കുഴിത്തുറ റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചതുമായി ബന്ധപ്പെട്ട ചിറയിൻകീഴിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു . അടൂർ പ്രകാശ് എംപി, വി.ശശി എംഎൽഎ, ഡിആർഎം മനീഷ് ധപ്‌ല്യാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽവാഹീിദ് എന്നിവർ പ്രസംഗിച്ചു.
മുൻ സൈനികരെ ചടങ്ങിൽ ആദരിച്ചു. കുഴിത്തുറ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ താരകൈ കത്പർട്ട്, എം.ആർ.ഗാന്ധി, പൊൻ രാധാകൃഷ്ണൻ, ഗതിശക്തി ചീഫ് പ്രോജക്ട് മാനേജർ എസ്.കണ്ണൻ, വൈ.സെൽവിൻ, എ.വിജ്‌വിൻ പ്രസംഗിച്ചു. 103 നവീകരിച്ച സ്റ്റേഷനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 26,000 കോടി ചെലവിലാണു 103 സ്റ്റേഷനുകൾ നവീകരിച്ചത്. 13 സ്റ്റേഷനുകളുടെ നവീകരണമാണു ദക്ഷിണ റെയിൽവേ പൂർത്തിയാക്കിയത്.
ചെലവ്: ചിറയിൻകീഴ് സ്റ്റേഷൻ 7 കോടി, കുഴിത്തുറ 5.35 കോടി 2 സ്റ്റേഷനുകളിലും ഏർപ്പെടുത്തിയ പുതിയ സൗകര്യങ്ങൾ
∙സർക്കുലേറ്റിങ് ഏരിയയിലെ തിരക്ക് കുറയ്ക്കാനായി പുതിയ പോർട്ടിക്കോ
∙പ്രവേശന കവാടത്തിൽ പുതിയ കമാനം
∙പാർക്കിങ്; കൂടുതൽ സ്ഥലം
∙പ്രാദേശിക വാസ്തു ശൈലിയിലുള്ള സ്റ്റേഷൻ മുഖപ്പ്
∙പ്ലാറ്റ്ഫോമിൽ കൂടുതൽ മേൽക്കൂരകൾ, കൂടുതൽ കസേരകളും കുടിവെള്ള സൗകര്യവും
∙ആധുനിക ശുചിമുറികൾ, പുതിയ ബുക്കിങ് കൗണ്ടറുകൾ
∙ഭിന്നശേഷിക്കാർക്ക് കൗണ്ടർ, നവീകരിച്ച വിശ്രമമുറികൾ
∙30 മീറ്റർ ഉയരത്തിൽ ദേശീയ പതാക സ്ഥാപിക്കാനുള്ള കൊടി സ്തംഭം
∙16 മീറ്റർ ഉയരത്തിൽ പുതിയ ഹൈമാസ്റ്റ് ലൈറ്റ്
∙പ്ലാറ്റ്ഫോമിൽ ഡിജിറ്റൽ കോച്ച് ഇൻഡിക്കേറ്റർ ബോർഡ്
∙ട്രെയിൻ വിവരത്തിന് ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ
