തിരുവനന്തപുരം ∙ ‘ജനങ്ങൾക്കും ജീവനക്കാർക്കും ഇതു ദുരിതകാലമാണെന്നും 2026ലെ മാറ്റത്തിനായി കാത്തിരിക്കാ’മെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 9 വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ തയാറാക്കിയ ‘നവകേരള പ്രതിഷേധ കാൻവാസി’ലാണു പ്രതിപക്ഷ നേതാവ് ഈ വാചകങ്ങൾ എഴുതിയത്. ജനങ്ങളും ജീവനക്കാരും അനുഭവിക്കുന്ന ദുരിതകാലത്തെ നേർക്കാഴ്ചകളാണു നവകേരളത്തിലുള്ളതെന്നും കേരളത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാരാണ് അധികാരത്തിലുള്ളതെന്നും വി.ഡി.സതീശൻ പറഞ്ഞു. സമരം ചെയ്യുന്നവരോടു സർക്കാരിനു പുച്ഛമാണ്. മുതലാളിമാർ കാണിക്കുന്ന തീവ്രവലതുപക്ഷ നിലപാടാണു സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്.ഇർഷാദ് അധ്യക്ഷത വഹിച്ചു.
കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ.മനോജ്കുമാർ, സെക്രട്ടേറിയറ്റ് അസോസിയേഷൻ ട്രഷറർ കെ.എം.അനിൽകുമാർ, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്.മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എ.ബിനു, എ.സുധീർ, ജി.ആർ.ഗോവിന്ദ്, നൗഷാദ് ബദറുദ്ദാൻ, ജെയിംസ് മാത്യു, സൂസൻ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
