വെഞ്ഞാറമൂട് ∙ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ (25) ആണ് കേസിലെ ഏക പ്രതി. പിതൃമാതാവ് പാങ്ങോട് താഴെപാങ്ങോട് മസ്ജിദിനു സമീപം താമസിക്കുന്ന സൽമാബീവിയെ(91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്)സമർപ്പിച്ചത്. ഫെബ്രുവരി 24നായിരുന്നു സംഭവം.
പ്രതി അഫാൻ സംഭവ ദിവസം രാവിലെ പേരുമലയിലെ സ്വന്തം വീട്ടിൽ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്താനായി ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മുറിയിൽ അടച്ചതിനു ശേഷമാണ് കൂട്ടക്കൊല നടത്തിയത്. കടബാധ്യത രൂക്ഷമായപ്പോൾ സഹായിച്ചില്ലെന്ന പേരിൽ ബന്ധുക്കളോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നു.
കുടുംബം ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ സാമ്പത്തികമായി സഹായിക്കാതിരുന്നവരെ കൊലപ്പെടുത്താൻ അഫാൻ തീരുമാനിക്കുകയായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. കൂട്ടക്കൊലപാതകം 3 കേസുകളായാണ് റജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി 89 ദിവസം പൂർത്തിയായി. സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ 450 പേജുകളുള്ള കുറ്റപത്രത്തിൽ 120 സാക്ഷികളുടെയും 40 തൊണ്ടിമുതലുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
