കടയ്ക്കാവൂർ. കാർഷിക മേഖലയിൽ യന്ത്രവൽക്കരണം ലക്ഷ്യമിട്ട് കാർഷിക വികസന,കർഷക ക്ഷേമ വകുപ്പും കൃഷി വിജ്ഞാൻ കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ കൃഷി വികസിത സങ്കൽപ് അഭിയാൻ പദ്ധതി പ്രകാരം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് ഏലാപ്പുറം പാടശേഖരത്തിൽ യന്ത്രവൽകൃത ഞാറു നടീൽ നടത്തി. കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ പ്രദർശന പദ്ധതി ആയിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് നെൽകൃഷി മേഖലയിൽ യന്ത്രവൽകൃത നടീൽ സാധ്യമാക്കുന്നതിലൂടെ കർഷകർക്ക് കൃഷി ചിലവ് കുറയ്ക്കുന്നതിനും സമയബന്ധിതമായി കൃഷി ഇറക്കുന്നതിനും നെൽകൃഷി ലാഭമാക്കുന്നതിനും സഹായകമാകും. കടയ്ക്കാവൂർ മേഖലയിലെ 5 ഹെക്ടർ സ്ഥലത്ത് നടീൽ യന്ത്രം ഉപയോഗിച്ചുള്ള പ്രദർശനം തയ്യാറാക്കിയിട്ടുണ്ട് കടയ്ക്കാവൂർ, ആറ്റിങ്ങൽ മേഖലയിൽ ആദ്യമായാണ് യന്ത്രം ഉപയോഗിച്ചുള്ള ഞാറു നടീൽ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശൈലജ ബീഗം അധ്യക്ഷത വഹിച്ച ചടങ്ങ് ചിറയിൻകീഴ് എംഎൽഎ വി ശശി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷീല, മിത്രനികേതൻ വെള്ളനാട് സയന്റിസ്റ്റ് ചിന്ത,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല, കടക്കാവൂർ ഗ്രാമപഞ്ചായത്ത് അംഗം രേഖ, കടക്കാവൂർ കൃഷി ഓഫീസർ സാബിർ ബി. ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർച്ചന,തുടങ്ങിയവർ പങ്കെടുത്തു.
